കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1576305
Wednesday, July 16, 2025 10:31 PM IST
വിഴിഞ്ഞം: കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ആറ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. പൂവാർ പള്ളം പുരയിടത്തിൽ നിന്ന് വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം കുഴിവിളയിൽ താമസമാക്കിയ ക്രിസ്തുദാസിന്റെ മകൻ ബൻസിഗർ (39) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പൊഴിയൂർ തീരത്ത് നിന്ന് കണ്ടെത്തിയത്.
മത്സ്യ ത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് തീരദേശ പോലീസും മറൈൻ എൻ ഫോഴ്സ്മെന്റ് അധികൃതരും വള്ളത്തിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച് മെഡിക്കൽ കോളജിൽ പോസ്റ്റ്മോട്ട ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
രണ്ടു കാലും ചങ്ങല കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന്റെ ദുരൂഹതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് വിഴിഞ്ഞം തീരദേശ പോലീസ്. കഴിഞ്ഞവെള്ളിയാഴ്ച വൈകുന്നേരം വിഴിഞ്ഞത്ത് നിന്ന് സ്വന്തം വള്ളത്തിൽ മീൻ പിടിക്കാൻ പുറപ്പെട്ടതായിരുന്നു ബൻസിഗർ . രാത്രിയിൽ തീരത്തിനും രണ്ടര കിലോമീറ്റർ ഉള്ളിൽ ആളില്ലാത്ത വള്ളം നങ്കുരമിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് മത്സ്യത്തൊഴിലാളികൾ തീരദേശ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാ ബോട്ടിൽ അധികൃതർഎത്തി നടത്തിയ പരിശോധനയിൽ ആളില്ലാത്ത വള്ളത്തിൽ നിന്ന് ഫോണും ആധാർ കാർഡും ചെരിപ്പും ഒരുതാക്കോലുംകണ്ടെത്തിയിരുന്നു. ശക്തമായ കടൽ ക്ഷോഭം ഉണ്ടായിരുന്നതിനാൽ മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി കടലിൽ വീണിരിക്കാമെന്ന നിഗമനത്തിലായിരുന്നു അധികൃതർ.
തുടർന്ന് സംഭവ ദിവസം മുതൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലിലെ കെട്ടും മണൽ നിറച്ച കന്നാസ് കാലിൽകെട്ടി വച്ചതും കാരണം മൃതദേഹം ഉയർന്ന് വരുന്നതിന് തടസമായി. സ്കൂബാ സംഘവും വള്ളം കിടന്നിരുന്ന 35 മീറ്റർ ആഴമുള്ള ഭാഗത്ത് വരെ പരിശോധന നടത്തിയിരുന്നു. ഇന്നലെ കൂടുതൽ ആൾക്കാർ തിരച്ചിലിനിറ ങ്ങാൻ തയാറെടുക്കുന്നതിനിടയിലാണ് മൃതദ്ദേഹം കണ്ടെത്തിയതായ വിവരം വരുന്നത്.
വിസ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നതായും അധികൃതർ പറയുന്നു. ഇതിൽ വലിയ ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുമ്പോഴും രണ്ടു കാലും കൂട്ടിക്കെട്ടി ചങ്ങലക്കിട്ട് ഭാരവും കെട്ടിയനിലയിലായത് ദുരൂഹതക്ക് വഴി തെളിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽഅന്വേഷണം നടത്തുമെന്ന് തീരദേശ സി. ഐ അറിയിച്ചു. ഭാര്യ: ജിൻസി. ഒരു മകനുണ്ട്.