പിതാവിനെ മരക്കഷണംകൊണ്ട് തലയ്ക്കടിച്ചുകൊന്ന മകന് അറസ്റ്റില്‍
1576566
Thursday, July 17, 2025 6:59 AM IST
നെയ്യാറ്റിന്‍കര: അതിയന്നൂർ വെൺപകൽ പട്യക്കാല സംഗീതിൽ സുനില്‍കുമാറി(60) നെ മരക്കഷണംകൊണ്ടു തലയ്ക്കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയ സിജോയ് സാമുവലി (19) നെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു.
സുനില്‍കുമാറിന്റെയും ലളിതകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് സിജോയ്. മൂത്ത രണ്ടു പെൺമക്കളും ജനിച്ചു 10 വർഷത്തിലധികം കഴിഞ്ഞു പിറന്ന ആണ്‍കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിമാരും അമിതമായ വാത്സല്യത്തോടെയാണ് വളര്‍ത്തിയത്.
ഹോട്ടൽ നടത്തിയിരുന്ന സുനിൽകുമാറും നേഴ്സറി സ്കൂളില്‍ ടീച്ചറായ ലളിതകുമാരിയും മകന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുനല്കി. പത്തു വയസായപ്പോൾ തന്നെ സിജോയ് അച്ഛനമ്മമാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന പ്രവണത ആരംഭിച്ചതായി പോലീസ് പറഞ്ഞു. വീട്ടുകാരോട് അക്രമസ്വഭാവം പുലര്‍ത്തിയിരുന്ന സിജോയ് പുറത്ത് ഏറെ മര്യാദക്കാരനായിരുന്നു.
ഹയര്‍സെക്കന്‍ഡറി പഠനം പാതിവഴിയില്‍ സിജോയ് നിര്‍ത്തി. മകന്റെ അക്രമസ്വഭാവത്താല് മനംമടുത്ത മാതാപിതാക്കൾ അവനെ പല ഡോക്ടർമാരുടെയടുത്തും പരിശോധിപ്പിച്ചെങ്കിലും സിജോയ്ക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. മകന് ആവശ്യപ്പെട്ടതനുസരിച്ച് ബൈക്കും സുനില്‍കുമാര്‍ വാങ്ങിനല്‍കി.
ബോഡി ബില്‍ഡിംഗിനായി ജിമ്മില്‍ പോകാറുണ്ടായിരുന്ന സിജോയ്ക്ക് താത്പര്യമുള്ള ആഹാരസാധനങ്ങളും വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു. അടുത്ത കാലത്തു ബേക്കറിയിൽ ജോലിയ്ക്കു പോകാറുണ്ടായിരുന്ന സുനിൽകുമാർ സ്വന്തം കടങ്ങൾ വീട്ടുന്നതിനായി അഞ്ച് സെന്റ് പുരയിടം മൂത്ത മകൾക്കു വിറ്റു. തനിക്കു കിട്ടേണ്ട സ്വത്ത് വിറ്റുവെന്നാരോപിച്ച് സിജോയ് അച്ഛനും അമ്മയ്ക്കും നേരെ ക്രൂരമായ ആക്രമണം ആരംഭിച്ചു.
മകന്റെ ആക്രമണം സഹിക്കാൻ കഴിയാതായപ്പോൾ സുനിൽകുമാറും ഭാര്യയും മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റി. തുടര്‍ന്നു സിജോയ് ഒറ്റയ്ക്കായിരുന്നു പഴയ വീട്ടില്‍ താമസം. അതേ സമയം മകന്റെ ആവശ്യപ്രകാരം ദിവസവും രാവിലെയും വൈകുന്നേരവും വീട്ടിൽനിന്നും ഭക്ഷണം എത്തിച്ചിരുന്നു. ഉച്ചഭക്ഷണത്തിനായി 150 രൂപ വീതവും നല്കുന്ന പതിവുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 11ന് രാവിലെ ഭക്ഷണവുമായി എത്തിയ സുനിൽകുമാറിനെ സിജോയ് വീടിന്റെ മുറ്റത്തുവച്ചു ക്രൂരമായി ആക്രമിക്കുകയും മരക്കഷണം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. ബഹളം കേട്ട് എത്തിയവർ സുനിൽകുമാറിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വീണു പരക്കു പറ്റിയതാണെന്നാണ് സുനിൽകുമാർ എല്ലാവരോടും പറഞ്ഞത്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭാര്യയോട് വിവരങ്ങളെല്ലാം സുനിൽകുമാർ പറയുകയായിരുന്നു. ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ 15 ന് പുലര്‍ച്ചെ 3.24 ന് സുനില്‍കുമാര്‍ മരണമടഞ്ഞു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ചന്ദ്രദാസിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എസ്.ബി പ്രവീണ്‍, സബ് ഇന്‍സ്പെക്ടര്‍ ജോസ്, ഷാജികുമാര്‍, ഗ്ലാഡ്സ്റ്റണ്, സുകേഷ്, എസ്.സി.പി.ഒ ലിബു, രതീഷ് കുമാര്‍, ഷൈജു, മഹേഷ് മുതലായവരടങ്ങിയ പോലീസ് സംഘമാണ് സിജോയിയെ അറസ്റ്റ് ചെയ്തത്.