നഗരത്തിലെ മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്നു തള്ളുന്നയാളെ പിടികൂടി
1576569
Thursday, July 17, 2025 6:59 AM IST
നെടുമങ്ങാട്: മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ട് വന്നുതള്ളുന്ന മുളയറ അണമുഖം ബിനോയി ഹൗസിൽ ജെ.ബി. ബിനോയിയെ അരുവിക്കര പോലീസ് പിടികൂടി. മാലിന്യം കൊണ്ടുവരുന്നതിനു വേണ്ടി ഇയാൾ ഉപയോഗിച്ചിരുന്ന മിനിലോറിയും പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
നഗരപ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അരുവിക്കര, കരകുളം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ സ്ഥിരമായി നിക്ഷേപിക്കുമായിരിന്നു. വാഹനത്തിന്റെ പേരും നമ്പരും മാറ്റിയാണ് ഇയാൾ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്നിരുന്നതെന്നു പോലീസ് പറഞ്ഞു.
നഗരപ്രദേശങ്ങളിലെ ഹോട്ടലുകൾ വീടുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് പ്രതി വാഹനങ്ങളിൽ കൊണ്ടുവന്നു നിക്ഷേപിച്ചിരുന്നത്.