പത്താംകല്ല് കളിസ്ഥലം : അടിസ്ഥാന സൗകര്യ വികസനം: ഒരു കോടി രൂപയുടെ ഭരണാനുമതി
1576574
Thursday, July 17, 2025 7:08 AM IST
നെടുമങ്ങാട്: നഗരസഭയിലെ കൊപ്പം വാര്‍ഡിലെ പത്താംകല്ല് കളിസ്ഥലത്തിന്റെ അടിസ്ഥാന സൗകര്യത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
മുന്‍സിപ്പാലിറ്റിയിലെ ശ്രദ്ധേയമായ കളിസ്ഥലമാണ് പത്താംകല്ല് ഗ്രൗണ്ട്. വോളിബാള്‍, ഫുഡ്ബോള്‍ എന്നീ കായിക ഇനങ്ങള്‍ സജീവമായി നടന്നു വരുന്ന ഈ ഗ്രൗണ്ടില്‍ ടി പദ്ധതിയുടെ ഭാഗമായി 900 ചതുരശ്ര അടിയില്‍ ഓഫീസ് മുറി, സ്റ്റോര്‍ റൂം, സ്ത്രീ-പുരുഷ ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ഇലക്ട്രിഫിക്കേഷന് വര്‍ക്കുകളും ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും ഡ്രെയിനേജ് നിര്‍മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതായും മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടൊപ്പം ആധുനിക നിലവാരത്തില്‍ കായിക പരിശീലനം നടത്തുന്നതിനും സംസ്ഥാന – ജില്ലതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന നിലയിലേയ്ക്ക് ഈ കളിസ്ഥലം മാറ്റി തീര്‍ക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പദ്ധതി സമയബന്ധിതമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.