ശുചീകരണ തൊഴിലാളികളുടെ നിയമനം : യുവമോർച്ച മാർച്ചിൽ സംഘർഷം
1576562
Thursday, July 17, 2025 6:59 AM IST
തിരുവനന്തപുരം: സാനിട്ടറി വർക്കർമാരുടെ അനധികൃത നിയമനം റദാക്കണമെന്നും മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും കോർപറേഷൻ ഓഫീസിലേയ്ക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം.
രാവിലെ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് കോർപറേഷൻ ഓഫീസിനു തൊട്ടു മുന്‍പു പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ മതിൽ ചാടി കോർപറേഷൻ ഓഫീസിനുള്ളിലേക്കു കടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പോലീസ് ലാത്തിവീശി. പ്രതിഷേധം കൂടുതൽ ശക്തമായതോടെ ബിജെപി കൗണ്‍സിലർമാർ കോർപറേഷൻ ഓഫിസിനുള്ളിൽ നിന്നും പ്രകടനമായി ബാരിക്കേഡിനു മറുവശത്ത് നിന്നു മുദ്രാവാക്യം വിളിച്ചു.
ഒരു മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു. ഇതിനിടെ ബിജെപി നേതാക്കളെത്തിയതോടെ സംഘർഷത്തിന് അയവുവന്നു.