ഭരണസ്തംഭനമെന്ന് ആരോപണം : കോൺഗ്രസ് പ്രതിനിധികൾ മാണിക്കൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
1576578
Thursday, July 17, 2025 7:08 AM IST
വെമ്പായം: മാണിക്കൽ പഞ്ചായത്തിൽ മാസങ്ങളായി സെക്രട്ടറിയും, അസിസ്റ്റന്റ് സെക്രട്ടറിയും ഇല്ലാത്തത് ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
സാധാരണ ജനങ്ങൾ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസ് കയറി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും, ജനന-മരണ സർട്ടിഫിക്കറ്റുകൾ, കെട്ടിട പെർമിറ്റ്, നമ്പരിടൽ തുടങ്ങിയ സേവനങ്ങൾ പഞ്ചായത്തിൽനിന്നും ജനങ്ങൾക്കു ലഭിക്കാൻ കാലതാമസം വരുന്നതായും കോൺഗ്രസ് അംഗങ്ങൾ പറയുന്നു.
ബന്ധപ്പെട്ട അധികൃതർക്കു നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണു പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും അംഗങ്ങൾ പറയുന്നു.
കോൺഗ്രസ് ജനപ്രതിനിധികളായ പള്ളിക്കൽ നസീർ, വെമ്പായം മനോജ്, കോലിയക്കോട് മഹീന്ദ്രൻ, വെള്ളാണിക്കൽ ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം സമരം. പ്രതിക്ഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.