ജിയോളജി വകുപ്പ് അങ്കണത്തില്‍ കൃഷിത്തോട്ടം ഒരുങ്ങി
1576572
Thursday, July 17, 2025 7:08 AM IST
മെഡിക്കല്‍കോളജ്: കൃഷിഭവന് ഉള്ളൂര്‍, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി ജിയോളജി വകുപ്പിന്റെ അങ്കണത്തില്‍ ഒരേക്കര്‍ സ്ഥലത്ത് തക്കാളി, മുളക്, വഴുതന, കത്തിരി, ചീര, വെണ്ട എന്നിവയുള്‍പ്പെട്ട പച്ചക്കറിത്തോട്ടം ഒരുങ്ങി.
തൈകളുടെ നടീല്‍ ഉദ്ഘാടനം ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ. ഹരികുമാര്‍ നിര്‍വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ എം.സി. കിഷോര്‍ കുമാര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്. ബിന്ദു, കൃഷി ഓഫീസര്‍ സി. സൊപ്ന, കോ-ഓര്‍ഡിനേറ്റര്‍ ജയന് എന്നിവര്‍ തൈ നടീലിനു നേതൃത്വം നല്കി.
ഓണത്തിനു വിളവെടുക്കാന്‍ പാകത്തില്‍ പച്ചക്കറികളും ചെണ്ടുമല്ലി തൈകളുമാണ് നട്ടിരിക്കുന്നത്. പച്ചക്കറി തൈകള്‍, ജൈവവളം, ജീവാണുവളം എന്നിവ കൃഷിഭവനില്‍ നിന്നും ലഭ്യമാക്കി. 75 സെന്റ് സ്ഥലത്ത് പാവല്‍, പടവലം, പയര്‍, വെള്ളരി എന്നിവയാണ് കൃഷിയിറക്കുന്നത്.