മേൽപ്പാല നിർമാണം തുടങ്ങുന്നു; വെഞ്ഞാറമൂടിൽ ഗതാഗത നിയന്ത്രണം
1577120
Saturday, July 19, 2025 6:21 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മേൽപ്പാല നിർമാണത്തിന്റെ പ്രാഥമിക പ്രവർത്തികൾ 25 ന് തുടങ്ങും. ആദ്യഘട്ടമായി ഇലട്രിക്കൽ കേബിൾ വർക്കുകളാണ് തുടങ്ങുന്നത്. ഇതിനു മുന്നോടിയായി ഗതാഗതം തിരിച്ചു വിടാൻ ഇന്നലെ വെഞ്ഞാറമൂട് പോലിസ് സ്റ്റേഷനിൽ ഡി.കെ. മുരളി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ് ഉൾപ്പടയുള്ള വാഹനങ്ങൾ തൈക്കാട് സമന്വയ നഗർ വഴി പാകിസ്ഥാൻമുക്കിൽ വന്ന് വെഞ്ഞാറമൂട് ജംഗ്ഷൻ വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകും. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതിരിക്കാൻ പാകിസ്ഥാൻ മുക്കിൽ കെഎസ്ആർടിസി ഔട്ട് പോസ്റ്റ് സ്ഥാപിക്കും.
സമന്വയ നഗർ മുതൽ പാകിസ്ഥാൻമുക്ക് വരയുള്ള ഭാഗങ്ങളിലെ ഇലട്രിക്ക് ലൈനുകൾ ഉയർത്തി കെട്ടുന്നതിലേക്കായി കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആറ്റിങ്ങൽ നെടുമങ്ങാട് റോഡ് - ട്രാഫിക് ഡൈവേർഷൻ ആദ്യ ഘട്ടത്തിൽ ഇല്ല. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഔട്ടർ റിംഗ് റോഡ് വഴി പോകണം.(അമ്പലമുക്ക് –പാലാംകോണം റോഡ്).
കൊട്ടാരക്കര ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളജിലേക്ക് പോകുന്ന വാഹനങ്ങൾ അമ്പലമുക്ക് വഴി ഗോകുലം മെഡിക്കൽ കോളജിൽ പോകണം. ഇന്നർ റിംഗ് റോഡ് വർക്ക് പൂർത്തിയാകുന്ന മുറയ്ക്ക് കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ് ആർടിസി ബസുകൾ ഇന്നർ റിംഗ് റോഡ് വഴി(വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്റെ ഭാഗത്തുനിന്നും ഇടത്തോട്ട് ചന്ത വഴി ) ഡിപ്പോയിൽ പ്രവേശിക്കുകയും തിരിച്ച് ഔട്ടർ റിംഗ് റോഡ് വഴി (പാലാംകോണം വഴി)തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.
അമ്പലമുക്ക് ജംഗ്ഷനിൽ നിന്നും റിംഗ് റോഡിലേക്ക് പ്രേവശിക്കുന്ന ഭാഗത്ത് വാഹനങ്ങൾ സുഗമമായി കയറുന്നതിനും ഇറങ്ങുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കെഎസ്ടിപി ക്ക് നിർദേശം നൽകി. കൂടുതലായുള്ള നിർദേശങ്ങൾ വർക്കുകളുടെ ഓരോ ഘട്ടങ്ങളിലും നല്കാനും യോഗത്തിൽ തീരുമാനമായി.