ജ്വല്ലറിക്കെതിരേയുള്ള പരാതികള്‍ 150 പിന്നിട്ടു
1577130
Saturday, July 19, 2025 6:30 AM IST
പേരൂര്‍ക്കട: പണം, സ്വര്ണ്ണാഭരണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അല്‍ മുക്താദിര്‍ ജ്വല്ലറിക്കെതിരേ ഫോര്‍ട്ട് സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍ 150 കടന്നു. ഇന്നലെവരെ 159 പരാതികളാണ് ഇവിടെ ലഭിച്ചത്.
പഴവങ്ങാടിയിലാണ് ജ്വല്ലറിയുടെ പ്രധാന ഷോറൂമുള്ളത്. ഇതിപ്പോള്‍ അടച്ചുപൂട്ടിയ നിലയിലാണ്. കസ്റ്റമേഴ്സ് നല്കുന്ന പഴയ സ്വര്‍ണ്ണാഭരണങ്ങളും പണവും നിശ്ചിത വര്‍ഷത്തേക്ക് ഫിക്സഡ് ഡപ്പോസിറ്റായി സ്വീകരിക്കുമെന്നും അവര്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കുമെന്നുമുള്ള ജ്വല്ലറിയുടെ വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി പേര്‍ക്കാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത്.
ഒരു നിശ്ചിത കാലാവധിയിലേക്ക് ഡെപ്പോസിറ്റ് ചെയ്യുന്നവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ അവര്‍ക്കു പലിശ നല്‍കുമെന്നും പുതിയ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കില്ലെന്നും വാഗ്ദാനമുണ്ടായിരുന്നു.
പണം സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്ക് 12.5 ശതമാനം മുതല്‍ 19 ശതമാനം വരെ പലിശയാണ് ജ്വല്ലറി വാഗ്ദാനം ചെയ്തിരുന്നത്. ചിലര്‍ക്ക് ഇത്തരത്തില്‍ ആറുമാസം വരെ പലിശ ലഭിച്ചതു ആദ്യമാദ്യം ജ്വല്ലറിയോടുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയായിരുന്നു.
പണവും പലിശയും ഉള്‍പ്പെടെ വീണ്ടും നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരും നിരവധിയാണ്. വിഴിഞ്ഞം, മുട്ടത്തറ, ഫോര്‍ട്ട്, കരമന, പേട്ട, ആറ്റിങ്ങല്‍, വര്‍ക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, കരകുളം, പൂജപ്പുര, വട്ടിയൂര്‍ക്കാവ്, നെയ്യാറ്റിന്‍കര തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നു പരാതികള്‍ ലഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി പഴവങ്ങാടിയിലെ അടഞ്ഞുകിടക്കുന്ന ജ്വല്ലറിക്കുമുന്നില്‍ നിരവധി പേര് സമരമിരിക്കുന്നുണ്ട്.
ജ്വല്ലറി ഉടമയുടെ പൂജപ്പുരയിലെ വസതിക്കുമുന്നില്‍ കൊല്ലം സ്വദേശിയായ വയോധികന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സമരമിരിക്കുകയും കരമന സ്വദേശികളായ നാലുപേര്‍ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു.