പനങ്ങോട് സഹകരണ സംഘത്തിൽ വെട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
1577124
Saturday, July 19, 2025 6:21 AM IST
കോവളം: ബിജെപി ഭരിക്കുന്ന വെങ്ങാനൂർ പനങ്ങോട് റൂറൽ ഡെവലപ്മെന്റ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തിരിമറി. സംഘം വൈസ് പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ.
പ്രസിഡന്റുൾപ്പെടെയുള്ളവർക്കായി കോവളം പോലീസ് അന്വേഷണം ആരംഭിച്ചു. മുട്ടയ്ക്കാട് ഡിവിഷൻ ബ്ലോക്ക് അംഗവും ബോർഡ് വൈസ് പ്രസിഡന്റുമായ മുട്ടക്കാട് ചൈത്രത്തിൽ കെ.എസ്. സാജൻ, സെക്രട്ടറി വെങ്ങാനൂർ ഗൗരിനന്ദനത്തിൽരമേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രസിഡന്റ് സതീഷ് കുമാർ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പരാതി നൽകിയ നാല് പേർക്കായി മാത്രം ബാങ്ക് 65ലക്ഷത്തോളം രൂപ നൽകാനുണ്ട്.
എല്ലാവരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നപ്പോഴും പെൻഷൻ പറ്റിയപ്പോഴുമായി നിക്ഷേപിച്ച തുകയാണ് തിരികെ നൽകാനുള്ളത്. പ്രായാധിക്യത്തിന്റെ അവശതയിലായവർ തങ്ങളുടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. ഉയർന്ന പലിശ നൽകാമെന്ന വാഗ്ദാനം നൽകി ആൾക്കാരിൽ നിന്ന് ഡിപ്പോസിറ്റായി വാങ്ങിയ കോടികളാണ് അധികൃതർ മുക്കിയതെന്ന് പരാതിയുണ്ട്.
ഇനിയും കൂടുതൽ പേർ പരാതിയുമായി വരാൻ സാധ്യതയുണ്ടെന്നും കോവളം പോലീസ് കരുതുന്നു. ഇതിനോടകം ചിലർ മുൻകൂർ ജാമ്യവും നേടിയെന്ന് പോലിസ് പറയുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.