ബിജിലാൽ ഇനിയും ജീവിക്കും, ആറുപേരിലൂടെ
1577126
Saturday, July 19, 2025 6:21 AM IST
മാറനല്ലൂർ: മസ്തിഷ്ക മരണം സംഭവിച്ച ബിജിലാല്‍ ആറുപേരിലൂടെ ഇനിയും ജീവിക്കും. തിരുവനന്തപുരം കിഴാറൂര്‍ പശുവെണ്ണറ കാറാത്തലവിളയില് ബിജിലാല്‍ കൃഷ്ണ (42) സഞ്ചരിച്ചിരുന്ന ബൈക്ക് ടാങ്കര്‍ലോറിയുമായി കൂട്ടിയിച്ച് കഴിഞ്ഞ ഏഴിന് കവടിയാറിൽ അപകടം നടക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചു.
ബന്ധുക്കള്‍ അവയവ ദാനത്തിന് സന്നദ്ധരായതോടെ ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാല്‍വും രണ്ട് നേത്രപടലങ്ങളും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി നല്കാന് തീരുമാനിക്കുകയായിരുന്നു.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കുമാണ് നല്‍കിയത്.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. കാട്ടാക്കട മാറനല്ലൂരിനു സമീപം പുന്നാവൂരില്‍ സലൂണ്‍ നടത്തുകയായിരുന്നു ബിജിലാല്‍. വിജിയാണ് സഹോദരി.