വെട്ടുകാട് ഭാഗത്ത് ബോട്ട് മറിഞ്ഞു : ഒരാളെ കാണാതായി; നാലുപേർ രക്ഷപ്പെട്ടു
1577119
Saturday, July 19, 2025 6:21 AM IST
വലിയതുറ: ശക്തമായ തിരയില്‍ വെട്ടുകാട് പളളിക്ക് സമീപം കടലില്‍ മത്സ്യബന്ധനത്തിനായി പോകുകയായിരുന്ന അഞ്ചംഗ സംഘത്തിന്റെ ബോട്ട് മറിഞ്ഞു. ഒരാളെ കാണാതായി. നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. വെട്ടുകാട് സ്വദേശി അനില്‍ ആന്‍ഡ്രൂ (36) വിനെയാണ് കാണാതായത്. വെട്ടുകാട് സ്വദേശികളായ വര്‍ഗീസ് , ജോണ്സണ് , ജോബി , ടെലിക്സ് എന്നിവരാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 6.30 ഓടുകൂടി വെട്ടുകാട് പളളിക്കു സമീപത്തുനിന്നും കടലില്‍ ഏകദേശം 25 മീറ്റര്‍ അകലെയായി ശക്തമായ തിരയില്‍ ബോട്ട് മറിഞ്ഞത്. വെട്ടുകാട് സ്വദേശിയുടെ ക്രൈസ്റ്റ് കിംഗ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
സംഭവം നടന്നയുടന്‍ തന്നെ വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന്റെയും കോസ്റ്റല്‍ പോലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും അനിലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു. കാണാതായ അനില്‍ ആന്‍ഡ്രൂ അവിവാഹിതനാണ്.