ക്ഷീരവിപ്ലവം, സോമരാജൻ വക
1577131
Saturday, July 19, 2025 6:30 AM IST
ആർ. സി. ദീപു
നെടുമങ്ങാട്: വീട്ടു വളപ്പിൽ പശുക്കളെ വളർത്തി നാട്ടുകാർക്ക് ശുദ്ധമായ പശുവിൻ പാൽ എത്തിച്ചു കൊടുത്തു സംതൃപ്തി നേടുന്ന പൊതു പ്രവർത്തകൻ മാതൃകയാകുന്നു. ഇടിഞ്ഞാർ അടിയോടി കുന്നിൻ ചെരിവിലെ ചെറുവേലി ഹൗസിൽ സോമരാജനാണ് തന്റെ വീട്ടുവളപ്പിലെ ഫാം കൃഷി യിലൂടെ ശ്രദ്ധേയനാകുന്നത്. ഐഎൻടിയുസി നേതാവും മുൻ പഞ്ചായത്തംഗവുമായ സോമരാജന് സ്വന്തമായി 20പശുക്കളാണുള്ളത്.
ഇടിഞ്ഞാർ ശ്രീ മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ സുപ്രഭാത കീർത്തനം ഉയരും മുൻപ് സോമരാജൻ തന്റെ ഗോശാലയും പരിസരവും വൃത്തിയാക്കും.തീറ്റ കൊടുത്ത് പശുക്കളെ കുളിപ്പിച്ച് തയാറാക്കി നിർത്തും. സുന്ദരിയെയും മകൾ മീനാക്ഷിയെയുമാണ് ആദ്യം കുളിപ്പിക്കുക. ഗോകുലത്തിലെ മുതിർന്ന അംഗങ്ങളാണ് ഇരുവരും. നല്ല പച്ചപ്പുല്ലും പച്ചവെള്ളവും ഉഴുന്നിന്റെ തവിടും ചേർത്താണ് ഭോജനം.
പാൽ ചുരത്തുന്നതിൽ ആർക്കുമില്ല യാതൊരു വൈമനസ്യവും. സോമരാജൻ പാലുമായി എത്തിയ ശേഷമേ പെരിങ്ങമ്മല ക്ഷീരോത്പാദക സംഘം ഉണരുകയുള്ളു. ദിവസവും 100 ലിറ്റർ പാലാണ് കണ്ണിലുണ്ണികളായ പശുക്കൾ ചുരത്തുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ കടകളിലും വീടുകളിലും ശുദ്ധമായ പശുവിൻ പാൽ എത്തിക്കാൻ കഴിയുന്നതിന്റെ ചാരിതാർഥ്യത്തിലാണ് ഈ പൊതുപ്രവർത്തകൻ.
മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ , ഐഎൻടിയുസി സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർ. ദീർഘകാലം ഇടിഞ്ഞാർ ശ്രീ മാടൻ തമ്പുരാൻ ക്ഷേത്ര സമിതിയുടെ രക്ഷാധികാരി എന്നീ നിലകളിൽ സോമരാജൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടു പിന്നിടുന്ന പൊതുജീവിതത്തിനിടയിൽ ഉപജീവനത്തിനായി കൂലിപ്പണിയും ചെയ്തിട്ടുണ്ട്. പശുവളർത്തൽ കേവലം ജീവനോപാധി മാത്രമല്ല സോമരാജന്.
മിണ്ടാപ്രാണികളോടുള്ള കരുതൽ കൂടിയാണ്. പാലോട് നിന്ന് ഒൻപത് കി.മീറ്റർ മാറി മങ്കയം ഇക്കോ ടൂറിസം സെന്റർ റോഡിൽ ഇടിഞ്ഞാർ അടിയോടി കുന്നിൻ ചെരിവിലാണ് ഗോശാല. അതിന് സമീപം നിറഞ്ഞു തുളുമ്പിയൊഴുകുന്ന ചിറ്റാർപ്പുഴ. ആരുടെയും മനം കവരുന്ന പ്രകൃതിയുടെ മടിത്തട്ടിൽ ഫാം ടൂറിസത്തിന് പശ്ചാത്തലമൊരുങ്ങിയാൽ അത് ഒരു നാടിന്റെ മുഖച്ഛായ മാറ്റുമെന്നുറപ്പ്.
തന്റെ നാട്ടുകാർക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ ഫാം ടൂറിസം നടപ്പാക്കുകയാണ് സ്വപ്നം എന്ന് സോമരാജൻ പറഞ്ഞു.