എലിപ്പനി പടരുന്നു; പ്രതിരോധ ഗുളികകൾ കഴിക്കാൻ നിർദേശം
1226815
Sunday, October 2, 2022 12:23 AM IST
മഞ്ചേരി: സാധാരണ മഴക്കാലത്ത് മാത്രം വ്യാപകമായി കണ്ടുവരുന്ന എലിപ്പനി മഴമാറിയിട്ടും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. എലിപ്പനി പ്രതിരോധിക്കാൻ പറ്റുന്ന പകർച്ചവ്യാധിയാണെന്നും ചളിവെള്ളത്തിലും മറ്റും ഇടപെടുന്നവർ, കൈകാലുകൾ വിണ്ടു കീറിയവർ എന്നിവർ പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന് മഞ്ചേരി മെഡിക്കൽ കോളജ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി ബിശ്വജിത്ത് അറിയിച്ചു.
പ്രതിരോധ ഗുളികയായ ഡോക്സി സൈക്കിളിൻ ആഴ്ചയിൽ ഒരു ദിവസം നൂറുമില്ലി ഗ്രാമിന്റെ രണ്ടെണ്ണം നിർബന്ധമായും കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നതും ശാസ്ത്രീയമായി സംസ്കരിക്കാത്തതുമാണ് എലിപ്പനി പടരാൻ കാരണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂവെന്നു ഡിഎസ്ഒ ഡോ. ഷുബിൻ അഭിപ്രായപ്പെട്ടു.
ജില്ലാ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ആശ, അങ്കണവാടി വർക്കർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗ നിർമാർജന സർവേ, പ്രാണിജന്യ ഇതര രോഗ പ്രതിരോധ പരിപാടി എന്നിവയുടെ പരിശീലനവും നടന്നു. ആർഎംഒ ഡോ. ജലീൽ വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് നീന, ബയോളജിസ്റ്റ് മുജീബ്, എന്റമോളജിസ്റ്റ്് കിരണ്‍, പബ്ലിക് ഹെൽത്ത് നഴ്സ് മീര എനി്നിവർ പ്രസംഗിച്ചു. നഴ്സുമാരായ പ്രവിത, ജിഷ, കാർത്ത്യായനി, രേവതി, പ്രവീണ, നീനു, ടിബി ഹെൽത്ത് വിസിറ്റർ ആഷിമ എന്നിവർ ക്ലാസെടുത്തു.