ഡിസബിലിറ്റി സർട്ടിഫിക്കറ്റ്്: കാലതാമസം ഒഴിവാക്കാൻ കർമ പദ്ധതി വേണമെന്ന് കളക്ടർ
1262887
Sunday, January 29, 2023 12:04 AM IST
മലപ്പുറം: ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കർമ പദ്ധതി തയാറാക്കണമെന്നു ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ടവർക്ക് അധികൃതരുടെ അനാസ്ഥ മൂലം ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവരുതെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ അപേക്ഷ നൽകിയവരിൽ 6176 പേർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റും 17,000 ത്തോളം പേർക്ക് യുഡിഐഡി കാർഡും നൽകാനുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു. ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്നവർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനുള്ള അപേക്ഷകൾ ദ്രുതഗതിയിൽ തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സാമൂഹിക സുരക്ഷാ മിഷന്റെ ഏകോപനത്തോടെ ക്യാന്പ് അടിസ്ഥാനത്തിൽ തീർപ്പാക്കി വരുന്നതായും ജില്ലയിൽ ഇതുവരെ ആറു ക്യാന്പുകൾ നടത്തിയതായും അടുത്ത രണ്ടു മാസത്തേക്കുള്ള ക്യാന്പുകൾ ഷെഡ്യൂൾ ചെയ്തതായും ഡിഎംഒ അറിയിച്ചു.
പഠന വൈകല്യമുള്ള കുട്ടികൾക്ക് ഐ.ക്യു ടെസ്റ്റ് നടത്തി നാലായിരം പേർക്കു സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഈ ക്യാന്പിന് മുൻഗണന നൽകിയതിനാലാണ് ഇടക്കാലത്ത് മെഡിക്കൽ ബോർഡ് അപേക്ഷകൾ തീർപ്പാക്കാൻ കാലതാമസം നേരിട്ടതെന്നും അവർ അറിയിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ഐ.ടി മിഷൻ തുടങ്ങി വകുപ്പുകൾ ചേർന്ന് പ്രത്യേകം കർമ പദ്ധതി തയാറാക്കി രണ്ടു മാസത്തിനുള്ളിൽ യുഡിഐഡി സർട്ടിഫിക്കറ്റുകളുടെ വിതരണം പൂർത്തീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വാഹനാപകടത്തിൽപ്പെട്ട് വൈകല്യങ്ങൾ സംഭവിക്കുന്നവർക്ക് വൈകല്യ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതായും ഇതു കോടതിയിൽ വാഹനാപകട കേസുകൾ നീണ്ടു പോകുന്നതിന് കാരണമാകുന്നതായും അഡ്വ. യു.എ. ലത്തീഫ് എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ജില്ലയിൽ കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയർത്തുന്നതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ കാന്പയിൻ സംഘടിപ്പിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ജില്ലയിലെ ഏർലി കാൻസർ ഡിറ്റക്ഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കണമെന്നും കളക്ടർ നിർദേശം നൽകി. 2019 ലെ പ്രളയത്തിൽ തകർന്ന മലപ്പുറത്തെ മങ്ങാട്ടുപുലം- ഹാജിയാർപള്ളി തൂക്കുപാലം പുനർ നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പി. ഉബൈദുള്ള എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.