നിലന്പൂരിൽ ഗതാഗത തടസം സൃഷ്ടിച്ച് മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് പരിശോധന
1339367
Saturday, September 30, 2023 1:23 AM IST
നിലന്പൂർ: ഗതാഗതകുരുക്ക് തീർത്ത് മോട്ടോർ വാഹനവകുപ്പ്.
റോഡിലെ മാർഗതടസങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷക്കായി ബോധവത്കരണം നടത്താനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നാടുനീളെ ഓടി നടക്കുന്പോഴാണ് നിലന്പൂർ ജോയിന്റ് ആർടിയുടെ കീഴിലുള്ള മോട്ടോർ വാഹനവകുപ്പ് ഗതാഗത തടസം സൃഷ്ടിച്ചു വെളിയംതോട് - അകന്പാടം റോഡിൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നത്.
മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് വെളിയംതോട് മുതൽ മൈലാടിപാലം വരെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോഡിന്റെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്.
അതിനിടയിലാണ് വീണ്ടും യാത്രക്കാരെ പ്രയാസത്തിലാക്കി മോട്ടോർ വാഹന വകുപ്പ് റോഡിന്റെ ഒരു ഭാഗം കൈയേറി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നത്.
ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രങ്ങളായ ആഢ്യൻപാറയിലേക്കും കോഴിപ്പാറയിലേക്കും നൂറുക്കണക്കിന് വിനോദ സഞ്ചാരികൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡാണിത്. കൂടാതെ രണ്ട് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒരു ഡസനിലേറെ ബസുകൾ ഇതിലൂടെ സർവീസ് നടത്തുന്നു. നിലന്പൂരിൽ നിന്നു കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയുമാണ്.
പോത്തുകൽ പഞ്ചായത്തിലെ വെള്ളിമുറ്റം, ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട, കൈപ്പനി, ചാലിയാർ പഞ്ചായത്തിലെ ജനങ്ങൾ യാത്രക്കായി ആശ്രയിക്കുന്ന പ്രധാന റോഡാണിത്. അമൽ കോളജ്, എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എരുമമുണ്ട നിർമല സ്കൂൾ എന്നിവിടങ്ങളിലേക്ക് ഇതിലൂടെയാണ് വിദ്യാർഥികൾ പോകുന്നത്.
ഹെൽമെറ്റ് വയ്ക്കാത്തതിനുൾപ്പെടെ പിഴ ഈടാക്കുന്ന പോലീസും മോട്ടോർ വാഹന വകുപ്പ് യാത്രക്കാരെ വലച്ച് നടത്തുന്ന വാഹന ഫിറ്റ്നസ് പരിശോധന കണ്ടില്ലെന്ന് നടിക്കുകയാണ്.