കരടു വിജ്ഞാപനം: കരുവാരകുണ്ടില്‍ കര്‍ഷക പ്രതിഷേധം ശക്തമായി
1458260
Wednesday, October 2, 2024 5:08 AM IST
കരുവാരകുണ്ട്: മലയോര കര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതക്കെതിരേ കിഫയുടെ നേതൃത്വത്തില്‍ കരുവാരകുണ്ട് ടൗണില്‍ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കനത്ത മഴയെ അവഗണിച്ചും നൂറുക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം കിഫ മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍ കുരിശുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന കൃഷിഭൂമി ഉപേക്ഷിച്ച് നിര്‍ബന്ധിത കുടിയിറക്കലിന് കാരണമായേക്കാവുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ തെറ്റായ ഇഎസ്എ വിജ്ഞാപനത്തിനെതിരേ രാഷ്ട്രീയ-കര്‍ഷക സംഘടനാ നേതാക്കള്‍ നിസംഗത പാലിക്കുകയാണെന്നും കരുവാരകുണ്ടിന്റെ മലയോര ജനവാസ കേന്ദ്രങ്ങളില്‍ കടുവയും പുലിയും വളര്‍ത്തുമൃഗങ്ങളെ ഇരയാക്കിയിട്ടും വനംവകുപ്പധികൃതര്‍ ഉറക്കം നടിക്കുകയാണെന്നും മാത്യു സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി.
കിഫ പാലക്കാട് ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം യൂണിറ്റ് പ്രസിഡന്റ് ആര്യാടന് ഖാലിദ് അധ്യക്ഷത വഹിച്ചു. ബോബി ജോര്‍ജ് തെങ്ങുംമൂട്ടില്‍, അബ്ദുള്‍ റഹിമാന്‍ കാരോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.