ഓൺലൈൻ തട്ടിപ്പ് പുതിയ രൂപത്തിൽ
1339125
Friday, September 29, 2023 1:02 AM IST
മുക്കം: സംസ്ഥാനത്ത് അറുതിയില്ലാതെ ഓൺലൈൻ തട്ടിപ്പുകൾ. പ്ലസ് ടു വിദ്യാർഥിയുടെ മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാർ ചികിത്സ സഹായ കമ്മറ്റി ഉണ്ടാക്കി പ്രവർത്തനം നടത്തുന്നതിനിടെ സഹായ കമ്മിറ്റി നിർമിച്ച വീഡിയോയില്‍ വ്യാജ അക്കൗണ്ട് നമ്പര്‍ നല്കി പണം തട്ടാൻ ശ്രമം നടന്നതാണ് ഏറ്റവും അവസാനത്തേത്.
ഗോതമ്പറോഡ് സ്വദേശിയായ അല്താഫിന്റെ ചികിത്സാ സഹായത്തിനായി നിർമിച്ച വീഡിയോയിൽ വ്യാജ അക്കൗണ്ട് നമ്പര്‍ നല്കി പണം തട്ടാനാണ് ശ്രമം നടന്നത്. രക്താര്‍ബുധം ബാധിച്ച് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് അൽതാഫ്.
ചികിത്സക്ക് 50 ലക്ഷം രൂപ ആവശ്യമായി വന്നപ്പോഴാണ് ജീവ കാരുണ്യ പ്രവര്ത്തകന് അഡ്വ. ഷമീർ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീഡിയോ ഇറക്കിയത്. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആ വീഡിയോയിലുള്ള കമ്മിറ്റിയുടെ അക്കൗണ്ട് നമ്പറുകള്‍ എഡിറ്റ് ചെയ്ത് മാറ്റി മഹാരാഷ്ട്രയിലുള്ള ബാങ്കിന്റെ നമ്പര്‍ വെച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. നിലവിൽ പത്ത് ദിവസത്തെ പ്രവർത്തനം കൊണ്ട് 80 ലക്ഷത്തിലധികം രൂപ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
വ്യാജമായി നിർമിച്ച അക്കൗണ്ടിലേക്ക് പണം പോയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതേ സമയം തട്ടിപ്പുസംഘത്തെ പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് അല്‍താഫ് ചികിത്സാ സഹായ കമ്മിറ്റി ആവശ്യപ്പെട്ടു.