കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്: ആരോഗ്യ പ്രവർത്തകർ വീട് സന്ദർശിച്ചു
1563102
Wednesday, May 28, 2025 7:47 AM IST
കൽപ്പറ്റ: ജില്ലയിലെ മുഴുവൻ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ പ്രവർത്തകർ എടവക പഞ്ചായത്തിലെ വീടുകൾ സന്ദർശിച്ചു. പ്രതിരോധ കുത്തിവയ്പ്പിൽനിന്നു വിട്ടുനിൽക്കുന്ന മാതാപിതാക്കളെ നേരിൽ കണ്ട് അഞ്ച് കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകി.
സമഗ്ര മാതൃശിശു ആരോഗ്യം ലക്ഷ്യമാക്കി മീസിൽസ് റൂബെല്ല രോഗ നിവാരണ കാന്പയിനിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് സാമൂഹിക ഇടപെടൽ ദൗത്യം നടത്തുന്നത്. എടവക ഗ്രാമപഞ്ചാത്തിലെ ഏഴ് വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു.
ജില്ലാ റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ്, എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.സി. പുഷ്പ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് മജോ ജോസഫ്, എടവക കുടുംബാരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നഴ്സ് ലാലി ഏബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് അലി, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ സി.കെ. സക്കീന, അഞ്ജലി വർഗീസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലൗലി മോൾ, റജി വടക്കയിൽ, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ ഹരിപ്രിയ എന്നിവർ പങ്കെടുത്തു.