ഒ.എൻ.വി അനുസ്മരണസദസ് സംഘടിപ്പിച്ചു
1563247
Thursday, May 29, 2025 6:17 AM IST
മീനങ്ങാടി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സകലകലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഒ.എൻ.വി അനുസ്മരണസദസ് സംഘടിപ്പിച്ചു. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ചൻനന്പ്യാർക്കും ചങ്ങന്പുഴയ്ക്കും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ശക്തനായ ജനകീയ കവിയാണ് ഒ.എൻ.വി കുറുപ്പ്. അദ്ദേഹത്തിന്റെ രചനകൾ കാലത്തെ അതിജീവിക്കുന്നത് അത് സാധാരണമനുഷ്യരുടെ വികാരവിചാരങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണെന്ന് ജോണി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. നുസ്റത്ത് വേദി ലോഗോ പ്രകാശനം ചെയ്തു. ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ, ജോയ് പാലക്കമൂല, സുമി മീനങ്ങാടി, ജോയ് ഐക്കരക്കുടി, സാബു സേവ്യർ, കെ.കെ. മോഹൻദാസ്, എൻ.ആർ. പ്രിയ എന്നിവർ പ്രസംഗിച്ചു.
ഡോ. ബാവ കെ. പാലുകുന്ന് സ്വാഗതവും റീമ പപ്പൻ നന്ദിയും പറഞ്ഞു. ഒ.എൻ.വിയുടെ ഗാനങ്ങളും കവിതകളും കോർത്തൊരുക്കിയ കാവ്യസായാഹ്നം നടത്തി.