മഴക്കെടുതി: ജില്ലയിൽ 15 ദുരിതാശ്വാസ ക്യാന്പുകൾ; 592 പേരെ മാറ്റിപ്പാർപ്പിച്ചു
1563105
Wednesday, May 28, 2025 7:47 AM IST
കൽപ്പറ്റ: ജില്ലയിൽ കാലവർഷക്കെടുതിയെത്തുടർന്ന് വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 165 കുടുംബങ്ങളിൽനിന്നായി 207 പുരുഷൻമാർ, 233 സ്ത്രീകൾ(മൂന്ന് ഗർഭിണികൾ), 152 കുട്ടികൾ, 32 വയോജനങ്ങൾ, രണ്ട് ഭിന്നശേഷിക്കാർ എന്നിവരെ ഇത്രയും ക്യാന്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കിൽ ആറും ബത്തേരിയിൽ ഏഴും മാനന്തവാടി താലൂക്കിൽ രണ്ടും ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടിൽ, പനമരം, മാനന്തവാടി, ചീരാൽ, പൂതാടി, കോട്ടപ്പടി, നെൻമേനി, നൂൽപ്പുഴ വില്ലേജ് പരിധികളിൽ താമസിക്കുന്നവരെയാണ് ക്യാന്പുകളിലേക്ക് മാറ്റിയത്.
പാന്പുംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെത്തുടർന്ന് കോളിയാടി എയുപിഎസ് സ്കൂളിൽ ആരംഭിച്ച ക്യാന്പിലേക്ക് 18 കുടുംബങ്ങളെ മാറ്റി. 28 പുരുഷൻമാരും 32 സ്ത്രീകളും അഞ്ച് വയോധികരും 21 കുട്ടികളുമാണ് ക്യാന്പിലുള്ളത്. ചീരാൽ വെള്ളച്ചാൽ ഉന്നതിയിൽനിന്നു 10 കുടുംബങ്ങളെ കല്ലിങ്കര എയുപി സ്കൂളിലേക്കു മാറ്റി. ക്യാന്പിൽ ഒൻപത് പുരുഷൻമാരും 11 സ്ത്രീകളും ഒന്പത് കുട്ടികളുമാണുള്ളത്.
നൂൽപ്പുഴ പുഴങ്കുനി ഉന്നതിയിലെ 15 കുടുംബങ്ങളെ കല്ലൂർ ജിഎച്ച്എസ് സ്കൂളിലെ ക്യാന്പിലേക്ക് മാറ്റി. 11 പുരുഷൻമാരും 19 സ്ത്രീകളും 12 കുട്ടികളും ക്യാന്പിലുണ്ട്. മുത്തങ്ങ ജിഎൽപി സ്കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി. 10 പുരുഷൻമാരെയും 10 സ്ത്രീകളെയും ആറ് കുട്ടികളെയുമാണ് ക്യാന്പിലേക്ക് മാറ്റിയത്. കുന്താണി ഗവ.എൽപി സ്കൂളിലേക്കു 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 20 പുരുഷൻമാരും 29 സ്ത്രീകളും ഏഴു കുട്ടികളും മൂന്ന് വയോജനങ്ങളുമാണ് ഇവിടെ. പൂതാടി എസ്എൻഎച്ച്എസ് സ്കൂളിലേക്ക് ഒന്പത് കുടുംബങ്ങളെ മാറ്റി. 13 പുരുഷൻമാരും 12 സ്ത്രീകളും ഏഴു കുട്ടികളുമാണ് ക്യാന്പിൽ.
മുത്തങ്ങ ജിഎൽപി സ്കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി. 10 പുരുഷൻമാർ, 10 സ്ത്രീകൾ, ആറ് കുട്ടികൾ എന്നിങ്ങനെയാണ് ക്യാന്പിലുള്ളവരുടെ എണ്ണം. നൂൽപ്പുഴ ചെട്ട്യാലത്തൂർ എൽപി സ്കൂളിലേക്ക് 15 കുടുംബങ്ങളെ മാറ്റി. 15 പുരുഷൻമാരും 16 സ്ത്രീകളും എട്ട് കുട്ടികളും ഏഴു വയോജനങ്ങളും ക്യാന്പിലുണ്ട്.
വൈത്തിരി താലൂക്കിലെ മുട്ടിൽ പറളിക്കുന്ന് ഡബ്ല്യുഒഎൽപി സ്കൂളിൽ ആരംഭിച്ച ക്യാന്പിലേക്ക് 10 കുടുംബങ്ങളെ മാറ്റി. 12 പുരുഷൻമാരും 15 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് ഭിന്നശേഷിക്കാരും മൂന്ന് വയോധികരും ക്യാന്പിൽ താമസിക്കുന്നുണ്ട്. കരിംകുറ്റി ജിവിഎച്ച് സ്കൂളിലേക്ക് 16 കുടുംബങ്ങളെ മാറ്റി. 27 പുരുഷൻമാരും 24 സ്ത്രീകളും 17 കുട്ടികളും അഞ്ചു വയോധികരുമാണ് ക്യാന്പിൽ.
തരിയോട് എൽപി സ്കൂളിലെ ക്യാന്പിലേക്ക് 12 കുടുംബങ്ങളെ മാറ്റി. 17 പുരുഷൻമാരും 19 സ്ത്രീകളും 20 കുട്ടികളും ആറ് വയോജനങ്ങളുമാണ് ക്യാന്പിൽ താമസിക്കുന്നത്. തെക്കുംതറ എയുപി സ്കൂളിലേക്ക് 19 കുടുംബങ്ങളെ മാറ്റി. 23 പുരുഷൻമാരും 25 സ്ത്രീകളും 26 കുട്ടികളും ക്യാന്പിലുണ്ട്. പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപി സ്കൂളിലേക്ക് അഞ്ചു കുടുംബങ്ങളെ മാറ്റി. എട്ട് പുരുഷൻമാരും ഏഴ് സ്ത്രീകളും ആറ് കുട്ടികളുമാണ് ക്യാന്പിലുള്ളത്.
മേപ്പാടി കോട്ടനാട് ഗവ.യുപി സ്കൂളിലെ ക്യാന്പിൽ അഞ്ചു കുടുംബങ്ങളിൽനിന്നുള്ള എട്ട് പുരുഷൻമാരും ഒന്പത് സ്ത്രീകളും മൂന്നുവീതം കുട്ടികളും വയോജനങ്ങളും കഴിയുന്നുണ്ട്.
മാനന്തവാടി താലൂക്കിലെ പനമരം ഹയർ സെക്കൻഡറി സ്കൂളിലേക്ക് 15 കുടുംബങ്ങളെ മാറ്റി. 12 പുരുഷൻമാരും 17 സ്ത്രീകളും 15 കുട്ടികളും ക്യാന്പിലുണ്ട്. മാനന്തവാടി വരടിമൂല സാംസ്കാരിക നിലയത്തിലേക്ക് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഒന്നുവീതം സ്ത്രീയും പുരുഷനും മൂന്ന് കുട്ടികളുമാണ് ക്യാന്പിൽ.