ഡോ. മൂപ്പൻസ് ആശുപത്രിയിൽ ബോധാവസ്ഥയിലുള്ള തലച്ചോർ ശസ്ത്രക്രിയ നടത്തി
1568313
Wednesday, June 18, 2025 5:13 AM IST
കൽപ്പറ്റ: ജില്ലയിൽ ആദ്യമായി മേപ്പാടി നസീറ നഗർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോധാവസ്ഥയിലുള്ള തലച്ചോർ ശസ്ത്രക്രിയ(എവേക് ബ്രെയിൻ സർജറി)വിജയകരമായി നടത്തി.
തലപ്പുഴ സ്വദേശിയായ 63 കാരന്റെ തലച്ചോറിലാണ് അദ്ദേഹം ബോധാവസ്ഥയിലുള്ളപ്പോൾ മുഴ നീക്കൽ ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ന്യൂറോ സർജറി കണ്‍സൾട്ടന്റുമാരായ ഡോ. നവീൻ ഹരിദാസ്, ഡോ.കെ.ശ്രീരാജ്, അനസ്ത്യേഷ്യോളജി അസോസിയേറ്റ് പ്രഫ.ഡോ. അരുണ്‍ അരവിന്ദ്, അസി.പ്രഫ.ഡോ. മെൽവിൻ സിറിയക് എന്നിവരടങ്ങുന്ന സംഘമാണ് 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
എവേക് ബ്രെയിൻ സർജറിയിൽ സർജന് രോഗിയുമായി സംസാരിക്കാനും കൈകാലുകൾ ചലിപ്പിക്കാൻ നിർദേശിക്കാനും ചിത്രങ്ങൾ കാണിക്കാനും കഴിയും. ഇതുവഴി തലച്ചോറിന്റെ പ്രധാന ഭാഗങ്ങൾ തിരിച്ചറിയാനും അവയ്ക്ക് കേടുപാട് സംഭവിക്കാതെ മുഴ നീക്കം ചെയ്യാനും സാധിക്കും. മൂന്നു ഘട്ടങ്ങളായാണ് രോഗിക്ക് അനസ്ത്യേഷ്യ നൽകിയത്.
ബോധവാസ്ഥയിലെങ്കിലും ശസ്ത്രക്രിയ നടത്തുന്പോൾ രോഗിക്ക് വേദന അനുഭവപ്പെടില്ല. അപസ്മാര ചികിത്സയ്ക്കും എവേക് ബ്രെയിൻ സർജറി പ്രയോജനപ്പെടുത്താറുണ്ടെന്ന് ഡോ. ഷാനവാസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പങ്കെടുത്തു.