വീട്ടുകാരും നാട്ടുകാരും നെട്ടോട്ടത്തിൽ; മൂന്നു വയസുകാരി സുഖനിദ്രയിൽ
1568315
Wednesday, June 18, 2025 5:13 AM IST
കൽപ്പറ്റ: മൂന്നുവയസുകാരി വീട്ടിലെ കിടപ്പുമുറിയിൽ മൂടിപ്പുതച്ച് ഉറങ്ങുന്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും നെട്ടോട്ടം. ഇന്നലെ നഗരപരിധിയിലെ തുർക്കിയിയാണ് സംഭവം. കാണാതായെന്ന സംശയത്തിൽ ഒരു മണിക്കൂറിലേറെ തെരഞ്ഞതിനുശേഷമാണ് കുട്ടിയെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. ഇതോടെ ഏവർക്കും ആശ്വാസമായി.
രാവിലെ 11ഓടെ കുട്ടി വീടിന്റെ സിറ്റൗട്ടിൽ സൈക്കിളുമായി കളിക്കുന്പോൾ മാതാവ് പ്രാർഥനയിൽ മുഴുകി. പ്രാർഥന കഴിഞ്ഞപ്പോൾ കുഞ്ഞിനെ കണ്ടില്ല. ഈ സമയം പരിസരത്ത് വാഹനം പോകുന്ന ശബ്ദം മാതാവ് കേട്ടു. വീടിനകത്ത് മാതാവ് ഒരു വട്ടം പരതിയെങ്കിലും കുഞ്ഞിനെ കണ്ടില്ല. ഇതോടെ പരിഭ്രാന്തയായ അവർ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന ശങ്കയിലായി.
കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം അവർ അയൽവാസികളുമായി പങ്കുവച്ചു. ഇതിനിടെ വിവരം പോലീസിലെത്തി. കുഞ്ഞിന്റെ തിരോധാനം സമൂഹമാധ്യമങ്ങളിൽ വാർത്തയായി. സിസിടിവി ദൃശ്യങ്ങൾ അടക്കം ഉപയോഗപ്പെടുത്തി തെരച്ചിൽ കൊഴുത്തു. ഇതിനിടെയാണ് കിടപ്പുമുറിയിൽ വിശദപരിശോധനയിൽ കുഞ്ഞിനെ കണ്ടത്. ഇതേമുറിയിൽ കുഞ്ഞിനെ വീട്ടുകാർ നേരത്തേ രണ്ടുതവണ തെരഞ്ഞെങ്കിലും കണ്ടിരുന്നില്ല.