മേൽപ്പാലങ്ങളുടെ അധോഗതി!
1592778
Friday, September 19, 2025 12:44 AM IST
നീലേശ്വരത്ത് ഗതാഗതക്കുരുക്ക്
നീലേശ്വരം: രാജാ റോഡിലെ റെയിൽവേ മേൽപ്പാലത്തിനു കീഴിൽ നിയന്ത്രണമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. മേൽപ്പാലത്തിനു കീഴെ നാലിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും കാണാത്ത മട്ടിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നവീകരിച്ച് ഇരുവശങ്ങളിലും ഇരിപ്പിടങ്ങളും മറ്റും സ്ഥാപിച്ചതോടെ അവിടെ പാർക്കിംഗിന് ഇടമില്ലാതായി. ഇതോടെയാണ് മേൽപ്പാലത്തിനു കീഴെ വ്യാപകമായി ഇരുചക്രവാഹനങ്ങളും കാറുകളും നിർത്തിയിടാൻ തുടങ്ങിയത്.
റെയിൽവേ സ്റ്റേഷന്റെ രണ്ട് പ്ലാറ്റ്ഫോമുകളോടുചേർന്നും പാർക്കിംഗ് കേന്ദ്രങ്ങളുണ്ടെങ്കിലും അവിടംവരെയെത്തി ഫീസടച്ച് പാർക്കിംഗ് നടത്താൻ പലർക്കും മടിയുള്ളതുപോലെയാണ്.
റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർ മാത്രമല്ല, നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്നവരും ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.
മേൽപ്പാലത്തിനു കീഴെ കുറച്ചിടങ്ങളിലെങ്കിലും വാഹന പാർക്കിംഗിന് സൗകര്യമനുവദിക്കേണ്ടത് ന്യായമായ ആവശ്യമാണ്. പക്ഷേ അത് സർവീസ് റോഡ് വരെയെത്തി ഗതാഗതത്തിനുതന്നെ തടസമാകുന്നതാണ് പ്രശ്നം.
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിലേക്ക് സ്ലീപ്പറുകളുമായി പോവുകയായിരുന്ന ലോറി ഇതുമൂലം ഒരു മണിക്കൂറോളം കുടുങ്ങിയിരുന്നു. ഒടുവിൽ സമീപത്തെ ഓട്ടോ ഡ്രൈവർമാർ ഇടപെട്ട് ഒരു ഭാഗത്തെ ബൈക്കുകളെല്ലാം എടുത്തുനീക്കിയാണ് ലോറിക്ക് വഴിയൊരുക്കിയത്.
മേൽപ്പാലത്തിനു കീഴെ വാഹന പാർക്കിംഗിന് കൃത്യമായ സ്ഥലം അടയാളപ്പെടുത്തണമെന്നും ഗതാഗതത്തിന് തടസമാകുന്ന തരത്തിലുള്ള പാർക്കിംഗ് കർശനമായി നിയന്ത്രിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.