വന്യജീവി ആക്രമണം: മൂന്നു ദിവസത്തിനകം ലഭിച്ചത് 155 പരാതികൾ
1592783
Friday, September 19, 2025 12:44 AM IST
കാസർഗോഡ്: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയിൽ മൂന്ന് ദിവസത്തിനകം ജില്ലയിൽ വനംവകുപ്പിനു മുന്നിലെത്തിയത് 155 പരാതികൾ.
ഈ മാസം 16 മുതൽ 30 വരെയാണ് ജില്ലയിലെ ആറു പഞ്ചായത്തുകളിലായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികളും നിർദേശങ്ങളും ആശങ്കകളും കേൾക്കുന്നത്.
മുളിയാർ, കാറഡുക്ക, ദേലംപാടി, പനത്തടി, ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് ഇതിനായി ഹെൽപ്പ് ഡെസ്ക്കുകൾ തുറന്നിരിക്കുന്നത്.
കൃഷിനാശവും സൗരോർജവേലികളുടെ നിർമാണവും വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളും നിർദേശങ്ങളും ലഭിച്ചിട്ടുള്ളതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ് പറഞ്ഞു.
വരുംദിവസങ്ങളിലും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രതികരണങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പരാതികള്‍ ദേലംപാടിയില്‍
ആദ്യ മൂന്നുദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ പരാതികളും നിര്‍ദേശങ്ങളും ലഭിച്ചത് ദേലംപാടി പഞ്ചായത്തില്‍ നിന്നാണ് - 58. മുളിയാർ പഞ്ചായത്തില്‍ നിന്ന് 34 പരാതികള്‍ ലഭിച്ചു.
പനത്തടി - 26, ഈസ്റ്റ് എളേരി - 24, ബളാൽ - ഏഴ്, കാറഡുക്ക - ആറ് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ ഹെല്‍പ്പ് ഡെസ്ക്കുകളില് ലഭിച്ച പരാതികളുടെ എണ്ണം.
വന്യജീവി ആക്രമണങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ബളാലിലും കാറഡുക്കയിലും പനത്തടിയിലും ഈസ്റ്റ് എളേരിയിലുമെല്ലാം വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.