പള്ളിക്കരയിൽ മാലിന്യക്കെട്ട്
1592779
Friday, September 19, 2025 12:44 AM IST
ബേക്കൽ: ബേക്കൽ കോട്ടയിലേക്കും റെഡ് മൂൺ ബീച്ചിലേക്കും പള്ളിക്കര ബീച്ച് പാർക്കിലേക്കുമെല്ലാം സഞ്ചാരികൾ വഴിതിരിയുന്ന ഇടമാണ് പള്ളിക്കര റെയിൽവേ മേൽപ്പാലം. പള്ളിക്കര ബീച്ചിലേക്ക് പോകേണ്ടത് മേൽപ്പാലത്തിനു താഴത്തുകൂടിയാണ്.
ഓരോ ഇടങ്ങളിലേക്കും മനോഹരമായ വഴിയും പ്രവേശനകവാടങ്ങളുമെല്ലാമുണ്ടെങ്കിലും മേൽപ്പാലത്തിന്റെ കീഴെയുള്ള ഭാഗത്തേക്ക് സഞ്ചാരികൾ നോക്കാതിരിക്കുന്നതാണ് നല്ലത്. ഹരിതകേരളമൊക്കെയായിട്ടും ചിലർക്കെങ്കിലും മാലിന്യം വലിച്ചെറിയുന്ന ശീലം മാറിയിട്ടില്ലെന്നതിന്റെ തെളിവായി പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച് വലിച്ചെറിഞ്ഞ എത്രയോ മാലിന്യക്കെട്ടുകൾ അവിടെ ചിതറിക്കിടക്കുകയാണ്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും സഞ്ചാരികളെത്തുന്ന സ്ഥലങ്ങൾക്കു സമീപമാണ് ഇങ്ങനെയൊരു മാലിന്യനിക്ഷേപ കേന്ദ്രം രൂപപ്പെട്ടിരിക്കുന്നത്. ഇവിടെനിന്ന് റെയിൽപാളത്തിനടുത്തേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യക്കെട്ടുകൾ വലിച്ചെറിഞ്ഞിട്ടുണ്ട്. റോഡിന്റെ ഒരുവശത്ത് ചതുപ്പുനിലവും മറുവശത്ത് തോടുമാണ്. മാലിന്യം ചീഞ്ഞഴുകി വെള്ളത്തിൽ കലർന്ന് ഇവ കൂടുതൽ മലിനമാകുന്നു.
റെയിൽവേ മേൽപ്പാലത്തിലൂടെയും റോഡിലൂടെയും കടന്നുപോകുന്നവർക്ക് ഈ മാലിന്യത്തിന്റെ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. മലയാളനാടിന്റെ സുഗന്ധം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളും അക്കൂട്ടത്തിലുണ്ട്.മേൽപ്പാലത്തിനടിയിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതവരെ കണ്ടെത്താൻ പരിസരവാസികളുടെ സഹകരണം തേടിയിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സജീവൻ പറഞ്ഞു.
ബേക്കൽ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. മാലിന്യം തള്ളാനെത്തുന്നവരെ കണ്ടെത്താൻ സ്ഥലത്ത് സിസിടിവി കാമറ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.