ആത്മീയ ഉണര്‍വേകി സുവര്‍ണജൂബിലി ജപമാലറാലി; പൊടിമറ്റം ഭക്തിസാന്ദ്രമായി
1224210
Saturday, September 24, 2022 11:11 PM IST
കാഞ്ഞിരപ്പള്ളി: ആത്മീയ ഉണര്‍വേകി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ജപമാലറാലി പൊടിമറ്റത്തെ ഭക്തിസാന്ദ്രമാക്കി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഒരുവര്‍ഷക്കാലമായി ഭവനങ്ങള്‍തോറും നടന്ന മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണമാണ് മാതൃഭക്തി വിളിച്ചോതുന്ന ജപമാലറാലിയായി മാറിയത്.
സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലെ പ്രാര്ഥനാശുശ്രൂഷകളോടെ ജപമാലറാലിക്ക് തുടക്കമായി. മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ചെണ്ട, വാദ്യമേളങ്ങളോടെ മുത്തുക്കുടകളും കൊടികളുമേന്തി ഇടവക വിശ്വാസിസമൂഹമൊന്നാകെ ജപമാലചൊല്ലി റാലിയില്‍ പങ്കുചേര്‍ന്നു.
ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളി കുരിശടിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ഥനകളും യാചനകളും മാതാവിന്റെ മധ്യസ്ഥതയില്‍ ദൈവസന്നിധിയിലേയ്ക്കുയരുന്നതിന്റെ പ്രതീകമായി ബലൂണില്‍ നിര്‍മിച്ച ജപമാലക്കൊന്തയും അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. തുടര്‍ന്ന് ഇടവകയില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന വികാരിമാരുടെ കാര്‍മികത്വത്തില്‍ സമൂഹബലിയും അര്‍പ്പിക്കപ്പെട്ടു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. 4.15ന് സെന്റ് മേരീസ് പള്ളിയുടെ മുഖ്യകവാടത്തിങ്കല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഇടവകസമൂഹം സ്വീകരിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും.
തുടർന്ന് ഇടവകപ്രഖ്യാപന സുവര്‍ണജൂബിലി സമാപന സമ്മേളനം കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍, എഫ്സിസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല എഫ്സിസി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും.