ഗണിതപഠനത്തിനു സഹായവുമായി ജ്വാലപദ്ധതി റാന്നിയിൽ
1244564
Wednesday, November 30, 2022 10:58 PM IST
റാന്നി: റാന്നിയിലെ കുട്ടികൾക്ക് ഇനി കണക്കിലെ കളികൾ ചേട്ടൻമാരും ചേച്ചിമാരും പറഞ്ഞുകൊടുക്കും. നോളജ് വില്ലേജിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിത ക്ലാസുകളോടുള്ള ഭയം നീക്കാനും വേഗത്തിൽ പഠിച്ചെടുക്കാനുമായാണു ജ്വാല പദ്ധതി.
നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻസൈറ്റിന്റെ സഹകരണത്തോടെ എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് കോളജ് വിദ്യാർഥികൾ ഓൺലൈനിൽ കണക്ക് പഠിപ്പിക്കുന്നത്. പദ്ധതിയുടെ തുടക്കമായി റാന്നി എംഎസ്, വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂളുകളിലെ 200 വിദ്യാർഥികൾക്കാണ് കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു തുടങ്ങിയത്.
കുട്ടികൾക്ക് ഇഷ്ടവിഷയമാക്കി കണക്ക് മാറ്റിയെടുക്കുന്നതിനൊപ്പം വ്യക്തിത്വ വികസന ക്ലാസുകളും നൽകും. 16 ദിവസമാണ് ക്ലാസ്. ആഴ്ചയിൽ അഞ്ചുദിവസം വൈകുന്നേരങ്ങളിൽ ഓരോ മണിക്കൂർ വീതം ക്ലാസുണ്ടാകും. വിവിധ ജില്ലകളിലെ കോളജുകളിൽ പഠിക്കുന്ന കുട്ടികളും ഇൻസൈറ്റിൽനിന്നു പരിശീലനം ലഭിച്ച വോളന്റിയർമാരും ഇൻഫോസിസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ജീവനക്കാരുമാണ് ക്ലാസ് നയിക്കുന്നത്. രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ വഴിയാണ് ക്ലാസ്. റാന്നിയിലെ മറ്റു സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നു പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ വെൺകുറിഞ്ഞി സ്കൂളിൽ ആരംഭിച്ച ക്ലാസ് ക്ലബ് പ്രസിഡന്റ് ഷൈൻ സത്താർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാധിക അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജിത്ത് കുമാർ, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ബി. രാജശ്രീ, ഹെഡ്മിസ്ട്രസ് പി. ദീപ എന്നിവർ പ്രസംഗിച്ചു.