കാപ്പാ നിയമപ്രകാരം യുവാവിനെ നാടുകടത്തി
1265149
Sunday, February 5, 2023 10:42 PM IST
കായംകുളം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേയും ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസം സൃഷ്ടിക്കുന്നവർക്കെതിരേയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ നാടുകടത്തി.
കായംകുളം കീരിക്കാട് കണ്ണമ്പള്ളി ഭാഗം നന്ദനം വീട്ടിൽ അഭിജിത്ത് എസ്. കുമാറിനെ (21) യാണ് ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കാപ്പാ നിയമം പ്രകാരമുള്ള ഉത്തരവിന്റെയടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽനിന്നും നാടുകടത്തിയത്.
കായംകുളം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ 2019 ൽ പുല്ലുകുളങ്ങര എൻആർപിഎം സ്കൂളിനു മുൻവശത്തു വച്ച് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പിന്നീട് ഈ വിദ്യാർഥിയെ തന്നെ വീണ്ടും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും 2021 ൽ പുളിമുക്കിനു സമീപം ചിറക്കടവം സ്വദേശിയുടെ സ്കൂട്ടർ തടഞ്ഞുനിർത്തി കടയിൽനിന്നും കറിച്ചട്ടിയെടുത്ത് അടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും സ്കൂട്ടർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിലും 2022 ൽ ദേശീയപാതയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപം ദമ്പതികൾ സഞ്ചരിച്ചു വന്ന ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ച കേസിലും പ്രതിയാണ് അഭിജിത്തെന്ന് പോലീസ് പറഞ്ഞു. കൂടാതെ കഞ്ചാവ് വില്പനയ്ക്കായി കൈവശം വച്ച കേസിൽ കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. കുറ്റകരമായ നരഹത്യാശ്രമം, അടിപിടി, സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തുടങ്ങി സ്ഥലത്ത് നിരന്തരം സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ആളാണന്നും പോലീസ് പറഞ്ഞു.