മാർ പവ്വത്തില്‍ ഇനി ദീപ്തസ്മരണ
1279954
Wednesday, March 22, 2023 10:43 PM IST
ചങ്ങനാശേരി: നിത്യതയിലേക്കു യാത്രയായ പവ്വത്തില്‍ പിതാവ് ഇനി ദീപ്തമായ ഓര്മ. സമാനതകളില്ലാത്ത നിരവധി നന്മകളും സംഭാവനകളും സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്. പവ്വത്തില്‍ പിതാവിന്റെ ദേഹവിയോഗം അറിഞ്ഞതുമുതല്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി ചങ്ങനാശേരിയിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. പിതാവിന്റെ ഭൗതികശരീരവും സംവഹിച്ചു നഗരത്തില്‍ നടത്തിയ വിലാപയാത്രയിലും മെത്രാപ്പോലീത്തന്‍പള്ളിയിലെ പൊതുദര്‍ശനത്തിലും കബറടക്കശുശ്രൂഷയിലും കേരളക്കരയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പുറത്തുനിന്നുമായി അന്തിമോപചാരം അര്‍പ്പിക്കാന്‍ ലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
അതിരൂപതാ വികാരിജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സലര്‍ ഫാ. ഐസക്ക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. തോമസ് കറുകക്കളം, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. മനോജ് കറുകയില്‍, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. തോമസ് കുളത്തുങ്കല്‍, ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. ജോസഫ് ഈറ്റോലില്‍, ഫാ.ആന്റണി എത്തയ്ക്കാട്ട്, ഫാ. ജോബി മൂലയില്‍, ഫാ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, ഫാ. ജോബി കറുകപ്പറന്പില്‍, ഫാ. ടോം ആര്യങ്കാല, ഫാ. സക്കറിയാസ് കുന്നക്കാട്ടുതറ, ഫാ.ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ഗ്രിഗറി ഓണംകുളം, പാസ്റ്ററല്‍കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ആന്റണി മലയില്‍, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, കത്തീഡ്രല്‍പള്ളി കൈക്കാരന്മാരായ ജോമ കാട്ടടി, ഷിബിന്‍ കറുകയില്‍, ആന്റണി പുന്നശേരി തുടങ്ങിയവര്‍ കബറടക്ക ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
നാട്ടകം സുരേഷ്, അഡ്വ. ജോസി സെബാസ്റ്റ്യന്‍, ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാത്യൂസ്, വി.ജെ. ലാലി, അസീസ് ബെഡായി, ബെന്നി ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ബി. രാധാകൃഷ്ണമേനോന്, നോബിള്‍ മാത്യു, മാത്യൂസ് ജോര്‍ജ്, ആന്റണി കുന്നുംപുറം, പി.എച്ച്.നാസര്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, മുഹമ്മദ് സിയ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
യാത്രപറയൽ വികാരനിർഭരം
ചങ്ങനാശേരി: മാർ ജോസഫ് പവ്വത്തിൽ നിശബ്ദമായി സിംഹാസന ദേവാലയത്തോടു യാത്ര ചോദിച്ചതു വികാരനിർഭരമായ കാഴ്ചയായി. സംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗത്തായിരുന്നു ഈ ശുശ്രൂഷ. ബലിപീഠത്തിലും ദേവാലയത്തിന്റെ ഇരുവശങ്ങളിലുമുളള വാതിലുകളിലും ആനവാതിലിലും മൃതദേഹത്തിന്റെ തലഭാഗം മുട്ടിച്ചായിരുന്നു പ്രതീകാത്മക യാത്ര ചോദിക്കൽ.
ബലിപീഠത്തിൽ മൃതദേഹം മുട്ടിച്ചപ്പോൾ വിട വാങ്ങുന്നേൻ പരിപാവനമാം ബലിവേദികയേ, വിട വാങ്ങുന്നേൻ എന്നു ഗായക സംഘം പാടി. വലതു വശത്തെയും ഇടതു വശത്തെയും വാതിലുകൾക്കു സമീപമെത്തി യാത്ര പറഞ്ഞശേഷം ആനവാതിൽക്കൽ എത്തിയപ്പോൾ “ഇനിയെൻ പ്രിയരേ പോകുന്നു ഞാൻ, അന്തിമയാത്രാ വന്ദനമോടേ, ദേവാലയമേ പോകുന്നു ഞാൻ, കർമങ്ങൾക്കായ് വരികില്ലിനിമേൽ’’ എന്ന ഗാനം ദേവാലയത്തിൽ നിറഞ്ഞു. മെത്രാന്മാരും വൈദികരുമടക്കം കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്ത ആയിരങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്പതോളം മെത്രാന്മാരാലും നാനൂറോളം വൈദികരാലും അനുഗതനായി വലിയ പിതാവ് കാൽ നൂറ്റാണ്ടോളം തന്റെ സിംഹാസന ദേവാലയമായിരുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ പടിയിറങ്ങി.