പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം. പോലീസ് ലാത്തിച്ചാർജിൽ നിരവധി കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ കള്ളവോട്ട് ആരോപിച്ച് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.
നിരവധി തവണ ഇരു വിഭാഗങ്ങൾ തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും നടന്നു. വോട്ടെടുപ്പ് കഴിയും വരെ അക്രമം തുടർന്നുകൊണ്ടിരുന്നു. ഇതിനിടെ പോലീസ് ലാത്തിച്ചാർജ് നടന്നു.കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോമൈക്കിൾ, യൂത്ത് കോൺഗ്രസ് ഓമല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ, ആൽഫിൻ, കെവിൻ തുടങ്ങി നിരവധി പേർക്ക് പരിക്കേറ്റു. അലന്റെ തലയ്ക്കാണ് അടിയേറ്റത്. കൈയ്ക്കും ക്ഷതമുണ്ട്.
യുഡിഎഫ് സ്ഥാനാർഥികളടക്കം മറ്റു ചിലർക്കും മർദനമേറ്റു. മത്സരരംഗത്തുണ്ടായിരുന്ന ഡിസിസി വൈസ് പ്രസിഡന്റ്് അനിൽ തോമസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പരസ്യമായ കള്ളവോട്ടെന്ന് കോൺഗ്രസ്
ബാങ്ക് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ നിരവധി വാഹനങ്ങളിൽ കള്ളവോട്ട് ചെയ്യിക്കാൻ ആളുകളെ സിപിഎം എത്തിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് വിതരണവും വോട്ടെടുപ്പ് കേന്ദ്രത്തിനു സമീപമായി നടന്നു. കോൺഗ്രസ് ഭരണത്തിലുള്ള സഹകരണസംഘം ഏതുവിധേനയും പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.
സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം നിയന്ത്രിച്ചതെന്നും പറയുന്നു. അടൂർ ഭാഗത്തുനിന്നു നിരവധി യുവാക്കളെത്തി നിരവധി തവണ കള്ളവോട്ട് ചെയ്തു.
സിപിഎമ്മിനെ സഹായിക്കുന്ന തരത്തിലാണ് പോലീസും ഉദ്യോഗസ്ഥരും പ്രവർത്തിച്ചതെന്ന ആക്ഷേപവും യുഡിഎഫ് നേതാക്കൾ ഉയർത്തി. സംഘർഷവും ലാത്തിച്ചാർജും സൃഷ്ടിച്ച് വോട്ടർമാരെ അകറ്റുകയായിരുന്നു സിപിഎം ലക്ഷ്യം. കോൺഗ്രസ് പ്രവർത്തകരെ തെരഞ്ഞുപിടിച്ച് പോലീസ് മർദിച്ചതായി ആന്റോ ആന്റണി എംപി പറഞ്ഞു.
സിപിഎം പ്രവർത്തകരെ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജുകളും നൽകിയിരുന്നതായി പറയുന്നു. സംഘർഷത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോലീസിനെയും വിന്യസിച്ചിരുന്നു.
പത്തനംതിട്ട ബാങ്ക് ഭരണം യുഡിഎഫ് നിലനിർത്തി
പത്തനംതിട്ട: സംഘർഷാവസ്ഥയിൽ നടന്ന പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഭരണം യുഡിഎഫ് നിലനിറുത്തി. ഭരണസമിതിയിലേക്ക് യുഡിഎഫ് പാനലിൽനിന്നു മത്സരിച്ച 10 പേരും എൽഡിഎഫ് പാനലിലെ ഒരാളും വിജയിച്ചു.
വിജയികളും ലഭിച്ച വോട്ടും: ആർ. അഖിൽ കുമാർ (1774), അനിൽ തോമസ് (1824), അൻസർ മുഹമ്മദ് (1732), എ. ഫറൂക്ക് (1706), എ. സുരേഷ് കുമാർ (1775), ആനി സജി (1879), ആൻസി തോമസ് (1771), സജനി മോഹൻ (1759), സി.കെ അർജുനൻ (2057), ഏബൽ മാത്യു - നിക്ഷേപ മണ്ഡലം (1958) - എല്ലാവരും യുഡിഎഫ്. കെ.ആർ. അജിത്കുമാർ, എൽഡിഎഫ് (1653).
ഫല പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. അഞ്ച് പതിറ്റാണ്ടിലേറെയായി യുഡിഎഫ് ഭരണത്തിലാണ് പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക്.
ഏറെക്കാലമായി പ്രസിഡന്റായിരുന്ന എ. ഷംസുദ്ദീൻ ഇത്തവണ മത്സരിച്ചില്ല.
മുൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ് എൽഡിഎഫ് പാനലിൽ ഇത്തവണ മത്സരിച്ചു തെരഞ്ഞെടുക്കപ്പെട്ട കെ.ആർ. അജിത് കുമാർ.