യുവാവിനെ സംഘം ചേര്ന്നു മര്ദിച്ചു വഴിയിൽ തള്ളി
1418408
Wednesday, April 24, 2024 4:18 AM IST
തിരുവല്ല: കുറ്റപ്പുഴയക്കു സമീപം കാറില് സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മര്ദിച്ച് അവശനാക്കി റോഡില് ഉപേക്ഷിച്ചു. തൃശൂര് മണ്ണുത്തി തത്ത്യാലിക്കല് ശരതിനാണ് (23) മര്ദനമേറ്റത്. ഇയാള് സഞ്ചരിച്ച കാറും സംഘം അടിച്ചു തകര്ത്തു.
തിങ്കളാഴ്ച രാത്രി പത്തോടെ പായിപ്പാട്ടുനിന്നു തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാര് തടഞ്ഞുനിര്ത്തിയ ശേഷം ഇയാളെ അതേ കാറില്തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മര്ദിച്ച ശേഷം ചൊവ്വാഴ്ച പുലര്ച്ചെ ആറോടെ കവിയൂര് മാകാട്ടി കവലയില് റോഡില് ഉപേക്ഷിച്ച ശേഷം കാര് അടിച്ചുതകർത്തു.
തിരുവല്ല സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തന്നെ തട്ടിക്കൊണ്ടുപോയി മര്ദിച്ചതെന്ന് ശരത് പോലീസില് മൊഴി നല്കി. പരിക്കേറ്റ് റോഡില് കിടന്നിരുന്ന ശരത്തിനെ സമീപവാസികള് ചേര്ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
മണ്ണ് മാഫിയകള് തമ്മിലുള്ള തര്ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. ഒളിവില് പോയ പ്രതികള്ക്കായുള്ള അന്വേഷണം ഊര്ജിതമാക്കിയതായി തിരുവല്ല എസ്എച്ച്്ഒ ബി. കെ. സുനില് കൃഷ്ണന് പറഞ്ഞു.