വെള്ളാർമല സ്കൂളിൽ പത്തനംതിട്ടയിൽനിന്ന് ആശ്വാസ ക്ലൗണുകൾ
1452106
Tuesday, September 10, 2024 3:11 AM IST
പത്തനംതിട്ട: വെള്ളച്ചായം തേച്ച മുഖവും തക്കാളി മൂക്കുമായി രണ്ട് ക്ലൗണുകൾ ക്ലാസ്മുറികളിലേക്ക് കടന്നുവന്നപ്പോൾ ആദ്യം കുട്ടികൾ അമ്പരന്നു. പിന്നെ അവരുമായി കുട്ടികൾ വേഗത്തിൽ ചങ്ങാത്തത്തിലായി.
വയനാട് വെള്ളാർമലയിലെ കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനായാണ് പത്തനംതിട്ടയിൽനിന്ന് നാടക പ്രവർത്തകരായ രണ്ട് അധ്യാപകർ ക്ലൗണുകളായി തങ്ങളുടെ മുമ്പിൽ എത്തിയത് എന്നറിഞ്ഞപ്പോൾ കൗതുകമായി. ക്ലാസ് മുറികളും സ്കൂൾ മുറ്റവും അവതരണ വേദികളായി. പിന്നെ ക്ലൗണുകളോടൊപ്പം ഇരുന്ന് പഠിച്ചു. ചില നേരങ്ങളിൽ ക്ലൗണുകൾ അധ്യാപകരുമായി.
പ്രമുഖ നാടക പ്രവർത്തകരും അധ്യാപകരുമായ മനോജ് സുനിയും കെ.എസ്. ബിനുവുമാണ് ചിരിയും കളിയുമായി ക്ലൗൺഷോ നടത്താനായി വെള്ളാർമല സ്കൂളിലേക്ക് ക്ഷണിക്കപ്പെട്ടത് . ഓരോ ക്ലാസ് മുറിയിലും പ്രത്യേകം ക്ലൗൺഷോ നടത്തി.
സാന്ത്വനവുമായി വന്ന ക്ലൗണുകളെ കുട്ടികൾ നിറഞ്ഞചിരിയോടെ സ്വീകരിച്ചു. അവരോടൊപ്പം ചുവടുവയ്ക്കുകയും കളിക്കുകയും ചെയ്തു. ഇന്നലെ ഒരു പകൽ മുഴുവൻ കുട്ടികളോടൊപ്പം ചെലവഴിച്ചശേഷമാണ് അധ്യാപകർ മടങ്ങിയത്.
ക്ലൗണുകളുടെ രസകരമായ ചലനങ്ങളും സിറ്റുവേഷൻ സീനുകളും കുട്ടികളിൽ സന്തോഷത്തിന്റെ ആരവങ്ങളുണർത്തി. വെള്ളാർമല സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണിമാഷും മറ്റ് അധ്യാപകരും ക്ലൗൺ ഷോയുടെ ഭാഗമായി.
പഞ്ചാരമിഠായി എന്ന പേരിൽ സൗജന്യമായാണ് ക്ലൗൺഷോ നടത്താൻ അധ്യാപകർ മുന്നിട്ടിറങ്ങിയത്, വയനാട്ടിലെ കുഞ്ഞുങ്ങളോടൊപ്പം കേരളത്തിലെ വിദ്യാർഥി - അധ്യാപക സമൂഹത്തിന്റെ ഹൃദയൈക്യം അടയാളപ്പെടുത്താനുംകൂടിയാണ് പുതിയ അതിജീവനപാഠവുമായി ക്ലൗൺഷോ അരങ്ങേറിയത്.
നിരവധി ക്ലൗൺഷോയിലൂടെ ശ്രദ്ധേയനായ ക്ലൗൺ ആർട്ടിസ്റ്റും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയോടൊപ്പം അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ അധ്യാപകനായ കെ.എസ്. ബിനുവും ക്ലൗണായി വേഷമിട്ടു. അധ്യാപന - നാടക ജീവിതത്തിൽ ധന്യമായ സാമൂഹിക ദൗത്യത്തിന് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ അധ്യാപകർ.