ആ​റ​ന്മു​ള​യി​ൽ സ്ഥി​ര​മാ​യ പ​വ​ലി​യ​ൻ: മ​ന്ത്രി ബാ​ല​ഗോ​പാ​ൽ
Thursday, September 19, 2024 2:50 AM IST
ആ​റ​ന്മു​ള: ആ​റ​ന്മു​ള വ​ള്ളം​ക​ളി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണയുണ്ടാ​കു​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ള്ളം​ക​ളി വീ​ക്ഷി​ക്കു​ന്ന​തി​നു സ്ഥി​ര​മാ​യ പ​വ​ലി​യ​ൻ നി​ർ​മി​ക്കു​ന്ന​ത് ഉ​ൾ​പ്പെടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കും. അ​ണി​യി​ച്ചൊ​രു​ക്കി​യ പ​ള്ളി​യോ​ട​ങ്ങ​ൾ പ്രൗ​ഢി​യോ​ടെ പ​മ്പ​യാ​റ്റി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ഏ​റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.


വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളും ഒ​രു​മ​യോ​ടെ വ​ള്ളം​തു​ഴ​യു​ന്ന​തു​മൊ​ക്കെ പ​ഴ​മ​യു​ടെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്നു. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള തി​ര​ിഞ്ഞുനോ​ട്ടം കൂ​ടി​യാ​ണ് വ​ള്ളം​ക​ളി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.