മൂഴിയാറില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ച് തദ്ദേശീയ കുടുംബങ്ങള്‍ക്ക് താമസസൗകര്യം നല്‍കും
1460828
Monday, October 14, 2024 1:54 AM IST
കോന്നി: മൂഴിയാറിലെ തദ്ദേശീയ കുടുംബങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി തയാറായതായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.
മൂഴിയാര്‍ ഡാമിനു സമീപം ക്വാര്‍ട്ടേഴ്സുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെഎസ്ഇബിയുടെ കൈവശമുള്ള നാല് ഏക്കര്‍ ഭൂമിയാണ് തദ്ദേശീയ കുടുംബങ്ങള്‍ക്ക് ഫളാറ്റുകള്‍ നിര്‍മിക്കുന്നതിനായി ഏറ്റെടുക്കുന്നത്.
ഭൂമി ഇതിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെഎസ്ഇബി ഊര്‍ജവകുപ്പിന് കൈമാറി. പട്ടികവര്‍ഗ വകുപ്പിന്റെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.
41 തദ്ദേശീയ കുടുംബങ്ങളാണ് മൂഴിയാറിലുള്ളത്. ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്കുന്നതിനു മുമ്പേതന്നെ എല്ലാ കുടുംബങ്ങള്‍ക്കും ഓരോ ഏക്കര്‍ ഭൂമി വീതം കൃഷി ചെയ്യാനായി വനാവകാശ രേഖ നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എംഎല്‍എയുടെ അധ്യക്ഷതയില്‍ മൂഴിയാറില്‍ ചേര്‍ന്ന യോഗത്തില്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രമോദ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ നജീബ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നൗഷാദ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്നു.