സമൂഹത്തിനു വേണ്ടത് നല്ല സമരിയക്കാരെ: വി.ഡി. സതീശൻ
1600794
Sunday, October 19, 2025 3:54 AM IST
അയിരൂർ: ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്ന നല്ല സമരിയാക്കാരെയാണ് സമൂഹം ആവശ്യപ്പെടുന്നതെന്നും ക്രിസ്തുവചനം ഇതാണ് പഠിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയിരൂർ ചെറുകോൽപ്പുഴയിൽ യൂഹാനോൻ മാർത്തോമ്മാ ഫൗണ്ടേഷൻ ഉദ്ഘാടനവും കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു പ്രഥമ പുരസ്കാരം സമ്മാനിച്ചും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ നിരാംലബരെ ചേർത്തുപിടിച്ച യൂഹാനോൻ മാർത്തോമ്മ കാട്ടിത്തന്നത് ക്രിസ്തുവിന്റെ സ്നേഹവും അനുകന്പയും ആയിരുന്നു. ക്രിസ്തു മാതൃകയിൽ ജീവിക്കുകയെന്നത് ആധ്യാത്മികതയുടെ അടയാളമാണെന്നും സതീശൻ പറഞ്ഞു. പ്രശ്നങ്ങളിൽ സമചിത്തതയോടെ ഇടപെടാനും അതിനു പരിഹാരം കാണാനും കർദിനാൾ ക്ലീമിസ് ബാവ പ്രകടിപ്പിക്കുന്ന താത്പര്യം മാതൃകാപരമാണ്. സഭയ്ക്കാകമാനം അദ്ദേഹത്തിന്റെ നേതൃപാടവം ഗുണകരമാണെന്നും സതീശൻ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ റെജി താഴമൺ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ്, ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ സാമുവേൽ മാർ തെയോഫിലോസ്, ആന്റോ ആന്റണി എംപി, പ്രഫ. പി.ജെ. കുര്യൻ, രാജു ഏബ്രഹാം, ടി.കെ.എ. നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്പിളി പ്രഭാകരൻ നായർ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, കെ.എം. വർഗീസ്, ഫാ. ചെറിയാൻ താഴമൺ, ഫാ. കെ.എ. ചെറിയാൻ, ജോബി ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അയിരൂർ പ്രൊവിഡൻസ് ഹോമിന് കൈമാറി. ഓട്ടിസം ബാധിതരായ 50 കുട്ടികളെ പരിപാലിക്കുന്ന സ്ഥാപനത്തിനുവേണ്ടി ഹോം അധികൃതർ തുക ഏറ്റുവാങ്ങി.