പോറ്റിയെ അറിയില്ലെന്നു കടകംപള്ളിക്ക് പറയാനാകുമോയെന്ന് സതീശൻ
1600809
Sunday, October 19, 2025 3:54 AM IST
പന്തളം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു പറയാനാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസ സംരക്ഷണ യാത്രകളുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദരനും ചേർന്നു വീടുവച്ചു നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാമെന്നും വെല്ലുവിളി സ്വീകരിക്കാൻ മുൻ മന്ത്രി തയാറുണ്ടോയെന്നും സതീശൻ ആരാഞ്ഞു. കള്ളന്മാർക്ക് ഒരു കുഴപ്പമുണ്ട്, കളവ് ആരും അറിഞ്ഞില്ലെങ്കിൽ അവർ വീണ്ടും കക്കാൻ പോകും.
അയ്യപ്പന്റെ സ്വർണം ആരാണ് മോഷ്ടിച്ചതെന്നു പിണറായി വിജയന് അറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കമിഴ്ന്നുവീണാൻ കാൽപ്പണം കൊണ്ടുപോകുന്നവരാണ് കേരളം ഭരിക്കുന്നത്. ഈ കപടഭക്തരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതു വരെ യുഡിഎഫും കോൺഗ്രസും പോരാടും.
നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പിൻവലിക്കും. 2026 ഏപ്രിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 100 സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻമാരായ കെ. മുരളീധരൻ, അടൂർ പ്രകാശ് എംപി, ബെന്നി ബഹന്നാൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചെങ്ങന്നൂരിൽ സംഗമിച്ച യാത്രകൾ ഇന്നലെ ഉച്ചകഴിഞ്ഞ് കാരയ്ക്കാട്ടുനിന്നും കാൽനടയായാണ് എംസി റോഡിലൂടെ പന്തളത്തേക്ക് നീങ്ങിയത്.
പന്തളത്തെ സമാപന യോഗത്തിൽ യുഡിഎഫ് നേതാക്കളായ പി.ജെ. ജോസഫ് എംഎൽഎ, എം.എം. ഹസൻ, സി.പി. ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എംപി, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് എംഎൽഎ, എൻ. ഷംസുദീൻ എംഎൽഎ, കോൺഗ്രസ് നേതാക്കളായ ആന്റോ ആന്റണി എംപി, എഐസിസി ജനറൽ സെകട്ടറി അറി അഴകൻ,
എംഎൽഎ മാരായ രമേശ് ചെന്നിത്തല, എ.പി അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, മുൻ മന്ത്രിമാരായ പന്തളം സുധാകരൻ, വി.എസ്. ശിവകുമാർ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, രമ്യ ഹരിദാസ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പഴകുളം മധു , അജയ് തറയിൽ, അബിൻ വർക്കി എന്നിവർ പ്രസംഗിച്ചു.