പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിന് അംഗീകാരം
1600805
Sunday, October 19, 2025 3:54 AM IST
പത്തനംതിട്ട: സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളജുകള്‍ക്കും അനുമതി ലഭ്യമായി. ഈ സര്‍ക്കാരിന്റെ കാലത്ത് 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളജുകളാണ് ആരംഭിച്ചതെന്നും നാലു മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു.
അംഗീകാരം രണ്ടുവർഷത്തെ ശ്രമങ്ങൾക്കു ശേഷം
സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭിച്ചത് രണ്ടുവർഷത്തെ ശ്രമങ്ങൾക്കുശേഷമാണ്. നിലവിൽ രണ്ടു ബാച്ച് നഴ്സിംഗ് വിദ്യാർഥികൾ കോളജിലുണ്ട്. മൂന്നാമത്തെ ബാച്ചാണ് ഇക്കൊല്ലം പ്രവേശനം നേടുന്നത്. 2023, 2024 ബാച്ചുകളുടെ അംഗീകാരം സംബന്ധിച്ച അവ്യക്തതയുണ്ട്.
2023ലാണ് കോളജ് ആരംഭിച്ചത്. പത്തനംതിട്ട കോളജ് റോഡിലെ വാടകക്കെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കാരണമാണ് അംഗീകാരം ലഭിക്കാതെ പോയത്. അടിസ്ഥാനസൗകര്യംഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിസമരങ്ങളും കോളജിലും പുറത്തുമായി നടന്നു.
കോളജിന് സൗകര്യങ്ങൾ ഉറപ്പാക്കുമെന്നു പരിശോധനയ്ക്കെത്തിയ ഐഎൻസി സംഘത്തിന് അധികൃതർ ഉറപ്പുനൽകിയിരുന്നു. ക്ലാസ് മുറികളടക്കം പ്രവർത്തിക്കുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്. ശൗചാലയങ്ങളുമില്ല.
വിദ്യാർഥികൾക്ക് ക്ലിനിക്കൽ സൗകര്യം നൽകുന്നത് കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്കാണ്. സ്വന്തമായി ബസ് ലഭിച്ചതോടെ കുട്ടികൾക്ക് യാത്രാസൗകര്യമായിട്ടുണ്ട്. കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്കു കോളജ് മാറ്റുന്നതിനുള്ള ആലോചനയിലാണ്. ഓരോബാച്ചിലും 60 കുട്ടികൾ വീതമാണുള്ളത്.