ശബരിമല സ്വർണക്കൊള്ള : കുടുക്കിയതെന്ന് പോറ്റി; ഉത്തരം തേടി അന്വേഷണസംഘം
1600803
Sunday, October 19, 2025 3:54 AM IST
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കുടുക്കിയതാണെന്ന ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് എസ്ഐടി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതിസ്ഥാനത്തെത്തിയശേഷം പോറ്റി നടത്തിയ ചില നീക്കങ്ങള്‍ അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു. പോറ്റി ഒളിവില്‍ പോയേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽതന്നെ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീകോവിലിനു മുമ്പിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019ല്‍ പുറത്തുകൊണ്ടുപോകുകയും അതില്‍ സ്വര്‍ണം നഷ്ടപ്പെടുകയും ചെയ്തതിനു പിന്നില്‍ പ്രവര്ത്തിച്ചവരെത്തേടിയാണ് എസ്ഐടി പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇതിനു പിന്നിലെ ഗൂഢാലോചന വിശദമാക്കുന്ന റിപ്പോർട്ട് കോടതിക്കു നൽകിയതിനു പിന്നാലെയാണ് 14 ദിവസത്തേക്ക് പോറ്റിയെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.
ദ്വാരപാലക ശില്പങ്ങള്ക്കു പിന്നാലെ സ്വര്‍ണം പൂശിയ കട്ടിളപ്പടികളും പുറത്തുകൊണ്ടുപോയതും സമാനമായ സാഹചര്യത്തില്‍ വീണ്ടും ദ്വാരപാലക ശില്പങ്ങള് പുറത്തുകൊണ്ടുപോയതും ശബരിമലയിൽ നടന്നുവന്ന സ്വർണക്കൊള്ളയുടെ ആഴം വ്യക്തമാക്കുന്നതാണ്.
ഇക്കാര്യത്തില്‍ പോറ്റിക്കു സഹായം ചെയ്തവര്‍ ആരെല്ലാമെന്നതു സംബന്ധിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചില സൂചനകളുണ്ട്. ഉന്നതരുമായി പ്രധാന പ്രതിക്കുള്ള ബന്ധവും ഇതു വ്യക്തമാക്കുന്നു.
സ്വര്‍ണക്കൊള്ളയില്‍ ചെന്നൈ കമ്പനിയായ സ്മാര്‍ട് ക്രിയേഷന്റെയും ദേവസ്വം ബോര്‍ഡിന്റെയും പങ്ക് വ്യക്തമാക്കിയിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കൊള്ളയ്ക്കു പിന്നിലെ വിവരങ്ങള്‍തേടി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനുശേഷം ശബരിമലയിലും പോറ്റിയുമായി അന്വേഷണസംഘം എത്തും. 30 വരെയാണ് പോറ്റിയെ എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസിലെ രണ്ടാം പ്രതി കല്‍പേഷിനെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ശബരിമലയിൽ സ്പോൺസറായി എത്തിയതു മുതൽ പോറ്റിക്ക് ദേവസ്വം ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ ചുരുൾ നിവരുന്നതിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നതെന്നാണ സൂചന.
ദേവസ്വം ഉന്നതരുടെ സഹായത്തോടെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്ന് അഴിച്ചെടുത്ത സ്വര്‍ണ കവചിതമായ പാളികള്‍ ബംഗുളൂരു, ഹൈദരാബാദുവഴി ചെന്നൈയിലെ അമ്പത്തൂരിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച ശേഷം പുറത്തുനിന്നും ആളെ വരുത്തി ചെമ്പുപാളികളില്‍ പൊതിഞ്ഞ സ്വര്‍ണം പൂര്‍ണമായി വേര്‍തിരിച്ചെടുക്കുകയായിരുന്നു. ഈ സ്വര്‍ണം പോറ്റി എടുത്തതായാണ് വിവരം.
ശില്പത്തില് പൊതിഞ്ഞ സ്വര്‍ണത്തില്‍ ഒരു തരിപോലും പൂശാന്‍ ഉപയോഗിച്ചില്ലെന്നാണ് കണ്ടെത്തല്‍. പകരം സ്പോണ്‍സര്‍മാരില്‍നിന്നു ലഭിച്ച 394 ഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്. ഇത്തരത്തില്‍ നടന്ന സ്വര്‍ണക്കൊള്ളയ്ക്കു ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും സ്മാര്‍ട്ട് ക്രിയേഷൻസും ഗൂഢാലോചനയില്‍ പങ്കാളികളായതായി റിമാൻഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൂശുന്നതായി പറഞ്ഞു നിരവധി പേരില്‍നിന്നു പോറ്റി പണം തട്ടി. സ്വർണപ്പാളികൾ എത്തിച്ച് പൂജ നടത്തിയ പ്രമുഖരുടെ വസതികളിലും തെളിവെടുപ്പ് നടത്തും. ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യും.
പോറ്റിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ ആചാരലംഘനം നടത്തി അയ്യപ്പഭക്തരുടെ വിശ്വാസത്തെ വൃണപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ പേര് പ്രതികളായി വരുമെന്ന് ഒമ്പതു പേജുള്ള റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.