കീഴ്വായ്പൂരിൽ വീട്ടമ്മ പൊള്ളലേല്പിച്ച ആശാ പ്രവർത്തക മരിച്ചു
1600801
Sunday, October 19, 2025 3:54 AM IST
മല്ലപ്പള്ളി: പെള്ളലേറ്റു ചികിത്സയിലായിരുന്ന കീഴ്വായ്പൂരിലെ ആശാ പ്രവർത്തക മരിച്ചു. കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു സമീപം താമസിച്ചിരുന്ന മല്ലപ്പള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആശാപ്രവര്‍ത്തക ലതാകുമാരിയാണ് (61) മരിച്ചത്.
സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യ സുബൈർ സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാണ്. വീട്ടില്‍ അതിക്രമിച്ചുകയറി തീവച്ചുവെന്നാണ് കേസ്.
കഴിഞ്ഞ ഒമ്പതിനു വൈകുന്നേരം 4.30നാണ് ലതയ്ക്കു ഗുരുതരമായി പൊള്ളലേറ്റത്. വീടിനു സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദിന്റെ ഭാര്യ കൃഷ്ണപുരം സ്വദേശിനി സുമയ്യ സുബൈര്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍ കട്ടിലില്‍നിന്ന് പിടിച്ച് എഴുന്നേല്പിച്ച് കസേരയില്‍ ഇരുത്തി കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിച്ചതായും ആഭരണങ്ങൾ കവര്‍ന്നശേഷം കത്തികൊണ്ട് മുഖത്തു കുത്തി മുറിവേല്പിച്ചതായും തുടര്‍ന്ന് കട്ടിലില്‍ ബന്ധിച്ച ശേഷം മെത്തയ്ക്ക് തീയിട്ടതായും എസഐ കെ. രാജേഷിന് നല്കിയ മൊഴിയില്‍ ലതാകുമാരി പറഞ്ഞിരുന്നു.
പൊള്ളലേറ്റും മുറിവുകളേറ്റും ഗുരുതരാവസ്ഥയിലാണ് ലതാകുമാരിയെ ആശുപത്രിയിലെത്തിച്ചത്. പരാതിയെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ ക്വാര്‍ട്ടേഴ്സ് പൂട്ടി സീല്വയ്ക്കുകയും ചെയ്തു.
കീഴ്വായ്പൂര് പോലീസ് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, കോയിപ്രം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ ശൗചാലയത്തിലെ ഫ്ളഷ് ടാങ്കില്‍നിന്ന് സ്വര്‍ണം കണ്ടെത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിച്ചു തെളിവുകള്‍ ശേഖരിച്ചു.
തിരുവല്ല ഡി വൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരടങ്ങുന്ന സംഘവുമാണ് അന്വേഷണം നടത്തിയത്. കീഴ വായപൂര് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥാണ് സുമയ്യയെ അറസ്റ്റ് ചെയ്തത്.
പൊള്ളലേറ്റ ലതാകുമാരി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് ഇവര്‍ മരിച്ചത്. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
സംസ്കാരം നാള 12ന് വീട്ടുവളപ്പിൽ. മകൾ: താര ദ്രൗപദി (യുകെ). മരുമകൻ: കൊട്ടാരക്കര സുജിത്ഭവനിൽ സുജിത് (യുകെ).
സംഭവത്തിനു പിന്നിൽ സുമയ്യയുടെ കടബാധ്യത
മല്ലപ്പള്ളി: ആശാപ്രവർത്തക ലതാകുമാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സുമയ്യ ഓണ്‍ലൈന്‍ വായ്പാ ആപ് ഇടപാടുകളിലും ഓൺലൈൻ ഓഹരി വ്യാപാരത്തിലുടെയും ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത വരുത്തിയിരുന്നതായി പോലീസ്. കോയിപ്രം പോലീസ് സ്റ്റേഷനിലെ സിപിഒ ആയ ഭർത്താവ് ഇർഷാദ് അറിയാതെയായിരുന്നു സുമയ്യയുടെ ഓണ്‍ലൈന്‍ ഇടപാടുകളെന്നും പോലീസ് കണ്ടെത്തി.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വന്നതോടെ കടംവീട്ടാന്‍ പല മാർഗങ്ങളും തേടിയ സുമയ്യ അവസാനം കണ്ടെത്തിയ മാർഗമാണ് ലതാകുമാരിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയെന്നത്. അടുത്ത സുഹൃത്തു കൂടിയായ ലതാകുമാരിയോട് ഒരുലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല. ഇതേത്തുടർന്ന് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ലതാകുമാരി നൽകിയില്ല. ഇതോടെയാണ് സുമയ്യ കവര്‍ച്ചയ്ക്കു പദ്ധതി തയാറാക്കിയത്.
ലതാകുമാരിക്കു മുമ്പുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഏഴുമാസം പ്രായമുള്ള ഇളയ കുട്ടിയുമായാണ് കൃത്യം നിറവേറ്റുന്നതിനായി സുമയ്യ പുളമലയിലെ ലതാകുമാരിയുടെ വീട്ടിലെത്തിയത്. ആരോഗ്യക്കുറവ് ഉണ്ടായിരുന്ന ലതയെ വേഗത്തിൽ കീഴ്പ്പെടുത്താനാകുമെന്ന് ഇവർ കരുതിയിരുന്നു.
ലതയുടെ ഭര്‍ത്താവ് കീഴ്വായ്പൂരില്‍ ജനസേവാകേന്ദ്രം നടത്തുന്ന രാമന്‍കുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ അടുത്ത മുറിയില്‍ കിടത്തിയ ശേഷം ലതയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയാണ് കീഴ്പ്പെടുത്തിയത്. പിന്നീട് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. രണ്ടരപവന്റെ മാലയും ഓരോ പവൻ വീതമുള്ള മൂന്നു വളകളും എടുത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.