ഓര്‍മയില്‍ മാഞ്ഞും മറഞ്ഞും മണ്ഡലങ്ങള്‍
1416068
Friday, April 12, 2024 10:49 PM IST
കോട്ടയം: മണ്ഡല പുനര്‍നിര്‍ണയത്തോടെ ഓര്‍മയിലേക്ക് മാഞ്ഞതും പുതുതായി രൂപംകൊണ്ടതുമായ മണ്ഡലങ്ങള്‍ പലതാണ്. നിയമസഭാ മണ്ഡലങ്ങളില്‍ അകലക്കുന്നവും മീനച്ചിലും രാമപുരവും ഉള്‍പ്പെട്ടിരുന്ന കാലമുണ്ട്.
അരനൂറ്റാണ്ടു പാരമ്പര്യമുള്ള വാഴൂര്‍ നിയോജക മണ്ഡലവും പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ മണ്ഡലവും ചരിത്രത്തിന്റെ ഭാഗമായി. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിനുമുണ്ടായിരുന്നു അര നൂറ്റാണ്ടിന്റെ പാരമ്പര്യം. മൂവാറ്റുപുഴ മണ്ഡലവും പുനര്‍ നിര്‍ണയത്തില്‍ ഇല്ലാതായി. അടൂര്‍ ലോക്സഭാ മണ്ഡലവും ഇന്നില്ല. മുമ്പ് പത്തനംതിട്ട, റാന്നി നിയോജക മണ്ഡലങ്ങള്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിനൊപ്പമായിരുന്നു.
പത്തനംതിട്ടയുടെ ഭാഗമായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങള്‍ മുമ്പ് മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. കുന്നത്തുനാട്, മൂവാറ്റുപുഴ, പിറവം, കോതമംഗലം, പാലാ അസംബ്ലി മണ്ഡലങ്ങളും മൂവാറ്റുപുഴയില്‍ പെട്ടിരുന്നു. ഇപ്പോള്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി കോട്ടയത്തിന്റെ ഭാഗമായിരുന്നു.
വാഴൂര്‍ അസംബ്ലി മണ്ഡലത്തിന്റെ ഏറെ ഭാഗങ്ങളും കാഞ്ഞിരപ്പള്ളി മണ്ഡലമായി. പഴയ കാഞ്ഞിരപ്പളളി മണ്ഡലത്തിന്റെ ഭൂരിഭാഗവും പൂഞ്ഞാര്‍ മണ്ഡലത്തിലുമായി.