നഗരസഭയിലെ എയര്‍പോഡ് വിവാദം വീണ്ടും പുകയുന്നു
1423342
Sunday, May 19, 2024 1:15 AM IST
പാലാ: പാലാ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നിന്ന് കൗണ്‍സലറുടെ എയര്‍പോഡ് കാണാതായ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കഴിഞ്ഞ ദിവസം ഒരു വ്യക്തി പാലാ പോലീസ് സ്റ്റേഷനില്‍ എയര്‍പോഡ് എത്തിച്ചു നല്‍കുകയായിരുന്നു.
കേരള കോണ്‍ഗ്രസ്-എം അംഗം ജോസ് ചീരാംകുഴിയുടെ എയര്‍പോഡാണ് കാണാതായത്. എയര്‍പോഡ് മോഷണം പോയതാണെന്ന് കാണിച്ച് ജോസ് ചീരാംകുഴി പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ എയര്‍പോഡ് ഇതു തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധന പോലീസ് ആരംഭിച്ചു. എയര്‍പോഡ് കോടതിയില്‍ ഹാജരാക്കി. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.
എയര്‍പോഡ് സ്റ്റേഷനില്‍ എത്തിച്ചു നല്കിയ വ്യക്തിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് കൗണ്‍സില്‍ ഹാളിലെത്തി മഹസര്‍ തയാറാക്കുകയും ചെയ്തു. ഇപ്പോള്‍ ലഭിച്ച എയര്‍പോഡ് കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടേതാണെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിഞ്ഞാല്‍ കേസില്‍ തുടര്‍ നടപടികളെടുക്കുമെന്ന് പാലാ എസ്എച്ച്ഒ ജോബിന് ആന്റണി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് എയര്‍പോഡ് കാണാതായത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനു പുളിക്കക്കണ്ടമാണ് എയര്‍പോഡ് കൊണ്ടുപോയതെന്ന് ജോസ് ചീരാംകുഴി ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരേ ബിനു പുളിക്കക്കണ്ടം രംഗത്തെത്തിതോടെ രാഷ്ട്രീയവിവാദമായി മാറി. ഇരുവരും പത്രപ്രസ്താവനകളിലൂടെയും നവമാധ്യമങ്ങള്‍ വഴിയും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി.
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിക്കെതിരെയും ആരോപണങ്ങളുമായി ബിനു പുളിക്കക്കണ്ടം രംഗത്തെത്തിയിരുന്നു. ജോസ് ചീരാംകുഴിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എയര്‍പോഡില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഇടയ്ക്ക് ഫോണിന്റെ ഉടമയ്ക്ക് ലഭിച്ചിരുന്നു. ഇത് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒരു വ്യക്തി പോലീസ് സ്റ്റേഷനിലെത്തി എയര്‍പോഡ് കൈമാറിയതോടെയാണ് സംഭവം വീണ്ടും വിവാദമായത്.