ഇടുപ്പ് മാറ്റിവയ്ക്കൽ: അപൂർവ നേട്ടവുമായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രി
1423355
Sunday, May 19, 2024 1:16 AM IST
കാഞ്ഞിരപ്പള്ളി: കുമളി സ്വദേശിയായ 48കാരന്റെ പൂർണമായി തേഞ്ഞ രണ്ട് ഇടുപ്പുകളും ഒരേ ദിവസം തന്നെ മാറ്റിവയ്ക്കുന്ന അപൂർവ ശസ്ത്രക്രിയാ നേട്ടവുമായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി.
കഴിഞ്ഞ 25 വർഷത്തോളമായി ഇടുപ്പ് വേദനയുമായി നടക്കാൻപോലും സാധിക്കാതെയിരുന്ന വ്യക്തിയാണ് രണ്ടു മാസങ്ങൾക്ക് മുന്പ് മേരിക്വീൻസിലെ ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബ്ലെസിൻ എസ്. ചെറിയാന്റെ കീഴിൽ ശസ്ത്രക്രിയ്ക്ക് വിധേയമായത്. ഇടുപ്പ് വേദന കൂടാതെ രോഗിക്ക് പ്രോട്ടീൻ സി, പ്രോട്ടീൻ എസ് കുറവുകൾ ഉണ്ടായിരുന്നതിനാൽ കാലിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുവാനുള്ള സാധ്യതയും കൂടുതലായിരുന്നു.
1993ൽ അമേരിക്കയിലെ ഒഹായോയിലാണ് ഇത്തരത്തിൽ പ്രോട്ടീൻ കുറവുള്ള രോഗിയുടെ ഇടുപ്പ് അവസാനമായി വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി പൂർണമായി സാധാരണ ജീവിതത്തിലേക്കു മടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.