സാമൂഹ്യശാസ്ത്ര അധ്യാപകരുടെ ഭക്ഷ്യമേള ശ്രദ്ധേയമായി
1423530
Sunday, May 19, 2024 6:55 AM IST
വൈക്കം: അവധിക്കാല അധ്യാപക പരിശീലന പരിപാടിയോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര അധ്യാപകർ ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമായി. വൈക്കം ബിആർസിയുടെ അധ്യാപക പരിശീലനക്കളരിയിലാണ് സാമൂഹ്യശാസ്ത്ര അധ്യാപകർ കേരളത്തിലെ നാടൻ ഭക്ഷണങ്ങളുടെ വിപുലമായ ശേഖരമൊരുക്കിയത്.
കേരളത്തിന്റെ രുചിയേറിയ നാടൻവിഭവങ്ങളാണ് തനിമ ചോരാതെ അധ്യാപകർ ഒരുക്കിയത്. കപ്പ, വാഴയ്ക്ക, ചക്ക തുടങ്ങിയവ ഉപയോഗിച്ചുള്ള വിവിധ ഭക്ഷ്യവസ്തുക്കളും വിവിധയിനം പാനീയങ്ങളും പായസങ്ങളുമൊക്കെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
വിവിധ ഇനം ഉപ്പേരികൾ മുതൽ വിവിധതരം പായസങ്ങൾ, പലഹാരങ്ങൾ, പാനീയങ്ങളടക്കം നൂറോളം വിഭവങ്ങളാണ് അധ്യാപകർ തയ്യാറാക്കിയത്. വൈക്കം തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
ഭക്ഷ്യമേള തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എഫ്. ജോൺ ഉദ്ഘാടനം ചെയ്തു. വൈക്കം ബിആർസിബിപിസി പി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. ബിആർസി കോ-ഓർഡിനേറ്റർ ആർ.വി. ധന്യ, അധ്യാപകരായ പി. പ്രദീപ്, ജയൻ, സി. ബെന്നി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.