വൈക്കത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് എസ്എഫ്ഐ
1423532
Sunday, May 19, 2024 6:55 AM IST
വൈക്കം: കായിക മേഖലയിൽ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിന് വൈക്കം കായലോര ബീച്ചിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് എസ്എഫ്ഐ വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സ്റ്റേഡിയത്തിനായി ബജറ്റിൽ എൽഡിഎഫ് സർക്കാർ അനുവദിച്ച തുക നഗരസഭയുടെ അനാസ്ഥ മൂലം നഷ്ടപ്പെടുമെന്ന സ്ഥിതി നിലനിൽക്കെ പദ്ധതി യാഥാർഥ്യമാക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എസ്എഫ്ഐ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സഖാവ് ധീരജ് നഗറിൽ (വൈക്കം സത്യഗ്രഹ സ്മാരക മന്ദിരം ) നടന്ന പ്രതിനിധി സമ്മേളനം എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ഡോ. സെറീന സലാം ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി എം.എസ്. കീർത്തന രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് ആജിഷ ഉദയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഋഷിനാഥ്, അമിത അജികുമാർ, അക്ഷര എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി കിരൺ കൃഷ്ണ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവി ഷാജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സിപിഎം വൈക്കം ഏരിയ സെക്രട്ടറി കെ. അരുണൻ , എസ്എഫ്ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ മുരളി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഭിരാമി പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം അമലേന്ദു ദാസ്, ഏരിയ സെക്രട്ടേറിയറ്റ് അംഗം അഭിറാം വിനോയ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി. ശശിധരൻ, സ്വാഗതവും എം. എസ്. കീർത്തന നന്ദിയും പറഞ്ഞു.