കാഞ്ഞിരപ്പള്ളിയിൽ മഴയും ഗതാഗതക്കുരുക്കും
1423812
Monday, May 20, 2024 10:11 PM IST
കാഞ്ഞിരപ്പള്ളി: മഴയും ഗതാഗതക്കുരുക്കും ഒരുമിച്ചെത്തിയത്തോടെ കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയതു മണിക്കൂറോളം. രാവിലെ മഴയ്ക്കൊപ്പം തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഉച്ചയ്ക്കു മഴയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും ഗതാഗതക്കുരുക്കിന് ഒരു ശമനമുണ്ടായില്ല.
കുരിശുങ്കല്‍ ജംഗ്ഷന്, പുത്തനങ്ങാടി റോഡ്, ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്, പേട്ടക്കവല എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്കുണ്ടായത്. പോലീസും പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ ഈ കുരുക്കിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കുരുക്ക് അഴിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ജനറൽ ആശുപത്രിയിലെയടക്കം നിരവധി ആംബുലൻസുകളാണ് കുരുക്കിൽപ്പെടുന്നത്. ഹോം ഗാര്‍ഡുകളും താത്കാലികമായി നിയമിച്ചിട്ടുള്ള പോലീസും പാടുപെട്ടാണ് കുരുക്കഴിക്കുന്നത്.
ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവർ ടൗണിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ദേശീയപാതയിലെ രണ്ടുവരി ഗതാഗതം പോലും കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാത 183ൽ പേട്ടക്കവല മുതൽ കുരിശുങ്കൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വലതു വശത്തുമാത്രമാണ് പാർക്കിംഗിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ നിയമങ്ങൾ പാലിക്കാതെ ടൗണിലെത്തുന്നവർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യും. വരുംദിവസങ്ങളിലും ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.