മുണ്ടക്കയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ സംരക്ഷണഭിത്തികൾ അപകടാവസ്ഥയിൽ
1425144
Sunday, May 26, 2024 9:41 PM IST
മുണ്ടക്കയം: ടൗണിൽ വില്ലേജ് ഓഫീസിനോടു ചേർന്ന് മണ്ണിടിച്ചിൽ. നാളുകൾക്കു മുമ്പ് സ്വകാര്യവ്യക്തി കെട്ടിടം നിർമിക്കാൻ മണ്ണെടുത്തു മാറ്റിയതിന്റെ ബാക്കിനിന്ന ഭാഗമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഇടിഞ്ഞുവീണത്. ഇതോടെ മുണ്ടക്കയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ സംരക്ഷണഭിത്തികൾ പൂർണമായും ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇതു വലിയ അപകടങ്ങൾക്കും വഴിവയ്ക്കും.
മതിലിന്റെ ഏതാനും ഭാഗം ഇപ്പോൾത്തന്നെ നിലംപൊത്തിയിട്ടുണ്ട്. ബാക്കി നിൽക്കുന്ന ഭാഗം ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. മതിൽ ഇടിഞ്ഞു താഴേക്ക് പതിച്ചാൽ ഇതിനോടു ചേർന്നുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ കെട്ടിടത്തിനു ബലക്ഷയമാകും. മുണ്ടക്കയം വില്ലേജ് ഓഫീസിന്റെ സമീപത്തുള്ള സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.
യാതൊരു നിയന്ത്രണവുമില്ലാതെ നാളുകൾക്കു മുമ്പ് മണ്ണെടുത്ത് മാറ്റിയതാണ് ഇപ്പോൾ മണ്ണിടിച്ചതിന് കാരണമെന്ന ആക്ഷേപമുണ്ട്. നാട്ടിൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും അടക്കമുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തര നടപടി എടുക്കേണ്ട വില്ലേജ് ഓഫീസിനോടു ചേർന്നാണ് ഇത്രയും വലിയ മണ്ണിടിച്ചിൽ ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ മുണ്ടക്കയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ കെട്ടിടത്തിനു വലിയ സുരക്ഷാ ഭീഷണിയാകും ഉയർത്തുക.