സുകൃതജീവിതം നയിച്ച അല്‍ഫോന്‍സാമ്മയോടൊപ്പം
1438253
Monday, July 22, 2024 10:58 PM IST
അല്‍ഫോന്‍സാമ്മ ശക്തയും ധീരയുമായിരുന്നു. പാവം അല്‍ഫോന്‍സാമ്മ എന്നു ചിന്തിക്കുന്നവര്‍ യഥാര്‍ഥ അല്‍ഫോന്‍സാമ്മയെ മനസിലാക്കാത്തവരാണ്. സുകൃത സമ്പന്നമായിരുന്നു അല്‍ഫോന്‍സാമ്മയുടെ ജീവിതം. വീരോചിതമായി ദൈവീക സൃകൃതങ്ങള് ജീവിച്ചവരാണ് വിശുദ്ധര്‍. വിശ്വാസവും സ്നേഹവും പ്രത്യാശയും അസാധാരണ ശക്തിയോടെ അവരില്‍ ജ്വലിച്ചുനിന്നു. ദിവ്യകാരുണ്യ ഈശോയോ തൊട്ടറിഞ്ഞ് അനുഭവിച്ച വിശ്വാസദൃഢതയായിരുന്നു അല്‍ഫോന്‍സാമ്മയുടേത്.
സുകൃതജീവിതം സംബന്ധിച്ച് അചഞ്ചല നിഷ്ഠയും തീക്ഷ്ണതയുമാണ് അല്‍ഫോന്‍സാമ്മ പുലര്‍ത്തിയത്. ചില ദിവസങ്ങളില്‍ പരിത്യാഗ പ്രവൃത്തികളുടെ സംഖ്യ മുന്നൂറും പരസ്നേഹ പ്രവൃത്തികളുടേത് എഴുപതും വരെ എത്തിയിരുന്നതായി അവളുടെ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം.
സകല വിശുദ്ധിയുടെയും അടിസ്ഥാനം എളിമയാണ്. അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധി തിരിച്ചറിഞ്ഞ റോമൂളൂസ് അച്ചന്, അവളുടെ ജീവിതാനുഭവങ്ങള്‍ കുറിച്ചുതരണമെന്ന് മദര്‍ വഴി ആവശ്യപ്പെട്ടു. അല്‍ഫോന്‍സാ പറഞ്ഞു: "ദൈവത്തെപ്രതി എന്നെക്കുറിച്ച് ആരും ഒന്നും അറിയാനിടയാകരുത്. എന്റെ മരണശേഷം ആരും എന്നെക്കുറിച്ച് ഓര്‍ക്കുക പോലും വേണ്ട. ഞാന്‍ വെറും നിസാരയാണ്. എന്നില്‍ പറയത്തക്കതായ സവിശേഷതയോ ആത്മീയതയോ ഇല്ല. ഞാന്‍ വെറും ഇല്ലായ്മ മാത്രമാണ്. എന്റെ ജീവിതത്തെക്കുറിച്ചു മറ്റുള്ളവര്‍ അറിയാന്‍ ദൈവം തിരുമനസായാല്‍ അവിടുന്നു തന്നെ അതിനുള്ള വഴിയും ഒരുക്കും'.
നിശ്ചയദാര്‍ഢ്യത്തോടെ ഉറച്ച നിലപാടുകള്‍ എടുത്ത പുണ്യവതിയാണ് അല്‍ഫോന്‍സാമ്മ. സുകൃതങ്ങളുടെ എല്ലാം മാതാവായ വിനയം എന്ന സുകൃതം അവളില്‍ നിറഞ്ഞുനിന്നു. അമ്മയുടെ അടുത്തുവരുന്നവരെ സുകൃതശക്തികൊണ്ട് അമ്മ നിറയ്ക്കട്ടെ.
ഫാ. പി.ജെ. അഗസ്റ്റിന്