വാര്‍ത്താവതരണത്തിൽ പരിശീലനവുമായി വിദ്യാര്‍ഥികള്‍
1438259
Monday, July 22, 2024 10:58 PM IST
പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് സ്കൂള്‍ വാര്‍ത്തകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുന്നു. ഓരോ മാസവും സ്കൂളില്‍ നടക്കുന്ന വിവിധ പരിപാടികള്‍ മാസാവസാനം വീഡിയോ വാര്‍ത്തയായി തയാറാക്കി അവതരിപ്പിക്കുകയാണ് ക്ലബ് അംഗങ്ങള്‍ ചെയ്യുന്നത്. ലിറ്റില്‍ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി പഠിച്ച സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് കുട്ടികള്‍ വാര്‍ത്തകള്‍ തയാറാക്കി അവതരിപ്പിക്കുന്നത്.
സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അപ്ലോഡ് ചെയ്ത വാര്‍ത്താ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികള്‍ തയാറാക്കിയ ഈ വര്‍ഷത്തെ ആദ്യത്തെ വാര്‍ത്താ വീഡിയോ സ്കൂള്‍ ഹെഡ്മാസ്റ്റര് വി.ജെ. അജി പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് കെ.എസ്. വിദ്യ എന്നിവരുടെ നേതൃത്വത്തിലാണ് ലിറ്റില്‍ കൈറ്റ്സ് ക്ലബ് പ്രവര്‍ത്തിക്കുന്നത്.