കുറവിലങ്ങാട്: കാണക്കാരി പഞ്ചായത്തിലെ ചിറക്കുളത്ത് വിനോദസഞ്ചാര വികസനസാധ്യതകൾ പ്രയോജനപ്പെടുത്തി പുത്തൻ വികസനപദ്ധതികൾ. ഇന്ന് 2.30ന് ചിറക്കുളത്ത് വികസനപദ്ധതികൾ നാടിനു സമർപ്പിക്കും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യനാണ് പദ്ധതികൾ യാഥാർഥ്യമാക്കിയത്.
നിർമാണം പൂർത്തീകരിച്ച ചിൽഡ്രൻസ് പാർക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കഫറ്റേരിയ മോൻസ് ജോസഫ് എംഎൽഎയും വനിതാ ഓപ്പൺ ജിം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരനും ഹൈമാസ്റ്റ് വിളക്കുകൾ ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മിയും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷത വഹിക്കും. 26 ലക്ഷം രൂപ വിനിയോഗിച്ചാണ് വിവിധ വികസനപദ്ധതികൾ യാഥാർഥ്യമാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യൻ അറിയിച്ചു.